നാലു വയസ്സുകാരന്റെ കൊലപാതകം; പ്രതി ഭര്‍ത്താവിനോട് ജീവനാംശമായി ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍

ബെംഗളുരു: നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതി ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. മകനെയും തന്നെയും ഭര്‍്തതാവ് പീഡിപ്പിച്ചിരുന്നുവെന്നാണ് ബെംഗലുരുവിലെ സ്റ്റാര്‍ട്ടപ് കമ്പനി സിഇഒയായ സുചന സേത്ത് പരാതി നല്‍കിയിരുന്നത്. ജീവനാംശമായി മാസം 2.5 ലക്ഷം രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.

ഭര്‍ത്താവിന് മാസം ഒരു കോടി രൂപ വരുമാനമുണ്ടെന്നും സുചന കോടതിയില്‍ വാദിച്ചിരുന്നു. തന്റെ ആരോപണം സാധൂകരിക്കുന്നതിനുള്ള മെഡിക്കല്‍ ഡോക്യുമെന്റുകള്‍, ഫോണിലും സോഷ്യല്‍ മീഡിയയിലുമുള്ള ചാറ്റുകള്‍, ചിത്രങ്ങള്‍ എന്നിവ സുചന കോടതിയില്‍ ഹാജരാക്കി. വിവാഹമോചനക്കേസിന്റെ ഭാഗമായി ഭര്‍ത്താവായ വെങ്കിട്ടരാമന്‍ കുഞ്ഞിനെയോ ഭാര്യയെയോ കാണാന്‍ വീട്ടില്‍ പ്രവേശിക്കാനോ ഫോണിലൂടെ പോലും ബന്ധപ്പെടാനോ പാടില്ലെന്ന് കോടതി ഉത്തരവുണ്ട്.

വിവാഹമോചനക്കേസ് നിലനില്‍ക്കുന്നതിനിടെയാണ് ഇവരുടെ നാലു വയസ്സുകാരനായ മകന്‍ കൊല്ലപ്പെടുന്നത്. കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി കൊണ്ടുപോകുന്നതിനിടെയാണ് സുചന പിടിയിലായത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സുചന മകനുമൊത്ത് ഗോവയില്‍ താമസിച്ച അപ്പാര്‍ട്ട്‌മെന്റിലെ ടൗവലില്‍ രക്തക്കറ കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ബെംഗളുരുവിലേക്ക് പോകാന്‍ സുചന ഉപയോഗിച്ച കാറിന്റെ ഡ്രൈവറുമായി പൊലീസ് ബന്ധപ്പെട്ട് നേരെ അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് വാഹനം കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം കുഞ്ഞിനെ എന്തിനാണ് കൊന്നതെന്ന് ഇപ്പോഴും ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വലിയ അളവില്‍ കഫ് സിറപ്പ് കുഞ്ഞിന് നല്‍കിയിട്ടുണ്ടാകാമെന്നും തുടര്‍ന്ന് മയങ്ങിയ കുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ചകളില്‍ കുഞ്ഞിനെ ഭര്‍ത്താവിനെ കാണിക്കണമെന്നാണ് കോടതി ഉത്തരവ്. ഇത് സുചനയെ അസ്വസ്ഥയാക്കിയിരുന്നു. ഈ കോടതിയുത്തരവാകാം കുഞ്ഞിനെ കൊല്ലാന്‍ സുചനയെ പ്രേരിപ്പിച്ചതെന്നും പോലീസ് അനുമാനിക്കുന്നു.