
കൊൽക്കത്ത: ബംഗാളിലെ ഇന്ത്യാ സഖ്യത്തിന്റെ പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. തങ്ങളുടെ പാർട്ടിയുമായി എന്തെങ്കിലും സഖ്യം വേണമെങ്കിൽ കോൺഗ്രസ് സിപിഎമ്മുമായി വേർപിരിയണമെന്ന് മമത പറഞ്ഞു.
സീറ്റ് വിഭജന ചർച്ചയിൽ തൃണമൂലിൻ്റെ രണ്ട് സീറ്റ് വാഗ്ദാനം കോൺഗ്രസ് നിരസിച്ചെന്നും ഇപ്പോൾ ഒരു സീറ്റ് പോലും നൽകില്ലെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
“ഇതിനുമുമ്പ് പലതവണ സിപിഎം എന്നെ ശാരീരികമായി ആക്രമിച്ചിട്ടുണ്ട്. എന്നെ നിഷ്കരുണം മർദ്ദിച്ചു. എൻ്റെ അഭ്യുദയകാംക്ഷികളുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഞാൻ ജീവിച്ചിരിക്കുന്നത്. ഇടതുപക്ഷത്തോട് ഒരിക്കലും പൊറുക്കാനാകില്ല, സിപിഎമ്മിനോട് ഒരിക്കലും പൊറുക്കാനാവില്ല. അതുകൊണ്ട് ഇന്ന് സിപിഎമ്മിനൊപ്പമുള്ളവർക്ക് നാളെ ബിജെപിയിലും പോകാൻ കഴിയും. ഞാൻ അവരോട് ക്ഷമിക്കില്ല,”
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിൽ വീണ്ടും പ്രവേശിച്ച ദിവസത്തിലായിരുന്നു മമതയുടെ പരാമർശം.
“നിങ്ങൾക്ക് നിയമസഭയിൽ ഒരു എംഎൽഎ പോലുമില്ലെന്ന് ഞാൻ കോൺഗ്രസിനോട് പറഞ്ഞു, ഞങ്ങൾ നിങ്ങൾക്ക് രണ്ട് പാർലമെൻ്റ് സീറ്റുകൾ തരാം, നിങ്ങളുടെ സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും. പക്ഷേ അവർക്ക് കൂടുതൽ സീറ്റുകൾ വേണം. അതിനാൽ ഒരെണ്ണം പോലും നൽകില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. നിങ്ങൾ ഇടതുപക്ഷ കൂട്ടുകെട്ട് വിടുന്നത് വരെ കാത്തിരിക്കൂ,” അവർ പറഞ്ഞു.














