
മനുഷ്യരെ വെല്ലുന്ന എഐ സാങ്കേതിക വിദ്യകളുടെ കാലമാണിപ്പോൾ. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ചെടുത്ത വാർത്താ അവതാരകർ നമ്മെ അമ്പരപ്പിക്കുന്ന കാലമാണ്. എന്നാൽ ആർട്ടിഫിഷൽ ഇന്റലിജൻസിൽ (എഐ) നിർമിച്ച മോഡലുകൾക്കായി സൗന്ദര്യ മത്സരം സംഘടിപ്പിക്കുകയാണ് വേൾഡ് എഐ ക്രിയേറ്റർ അവാർഡ്സ്. മികച്ച എഐ ഇൻഫ്ളുവൻസറെയും മത്സരത്തിൽ തിരഞ്ഞെടുക്കും. ലോകത്തെ ആദ്യ എഐ സൗന്ദര്യ മത്സരമാണിതെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു.
മോഡലുകളെ അവരുടെ സൗന്ദര്യത്തിനും നിര്‍മിക്കാന്‍ ഉപയോഗിച്ച സാങ്കേതിക വൈദഗ്ധ്യത്തിനും അനുസരിച്ചാകും മിസ് എഐ ആരെന്ന് വിധിക്കുക. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായുള്ള ഇടപെടലും ഫോളോവേഴ്‌സിന്റെ എണ്ണവും സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗപ്രദമാക്കുന്നു എന്നതിനും അനുസരിച്ചായിരിക്കും മികച്ച എഐ ഇന്‍ഫ്‌ളുവന്‍സറെ കണ്ടെത്തുന്നത്.
5000 യുഎസ് ഡോളറാണ് വിജയിയെ കാത്തിരിക്കുന്നത്. എഐ മോഡലിനെ നിര്‍മിച്ചയാള്‍ക്കായിരിക്കും ആ സമ്മാനം നല്‍കുക. രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കും ക്യാഷ് പ്രൈസ് കൊടുക്കും. ഈ മാസം അവസാനം നടക്കുന്ന മത്സരത്തിന്റെ വിജയികളെ മെയ് പത്തിന് പ്രഖ്യാപിക്കും. നാലുപേർ അടങ്ങുന്ന പാനലാണ് വിജയികളെ തെരഞ്ഞെടുക്കുക. ഈ പാനലിലെ രണ്ടുപേർ എഐ ഇൻഫ്ളുവൻസർമാരാണ്. എയ്റ്റാന ലോപെസും എമിലി പെല്ലെഗ്രിനിയും. മറ്റു രണ്ട് പേര്‍ പിആര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആന്‍ഡ്ര്യു ബ്ലോച്ചും സൗന്ദര്യ മത്സര ചരിത്രകാരന്‍ സാലി ആന്‍ ഫോസെറ്റുമാണ്.