
പാരീസ്: ഇന്ത്യൻ ഗുസ്തി താരം അന്തിം പംഗലിനെയും സപ്പോർട്ടിംഗ് സ്റ്റാഫുകളെയും നാട്ടിലേക്ക് തിരിച്ചയക്കാൻ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ തീരുമാനം. അന്തിം പംഗലിന്റെ അക്രെഡിറ്റേഷൻ കാർഡ് ഉപയോഗിച്ച് താരത്തിന്റെ സഹോദരി നിഷ ഒളിമ്പിക്സ് വില്ലേജിലേക്ക് കടന്നുകയറാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി. അധികൃതരുടെ ചോദ്യം ചെയ്യലിൽ അക്രെഡിറ്റേഷൻ കാർഡിന്റെ ഉടമ നിഷ അല്ലെന്ന് കണ്ടെത്തുകയായിരുന്നു. കാർഡ് കൈമാറാൻ പാടില്ലെന്ന് നിയമവുണ്ട്.
ഒളിമ്പിക്സ് വില്ലേജിൽ കടന്നുകയറിയതിന് നിഷയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നാലെ മൊഴിയെടുപ്പിനായി അന്തിമിനെയും പൊലീസ് വിളിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചെയാണ് ഒളിമ്പിക്സ് ഗുസ്തിയിൽ 53 കിലോഗ്രാം വിഭാഗത്തിൽ അന്തിം മത്സരിച്ചത്. എന്നാൽ മത്സരത്തിൽ താരം പരാജയപ്പെട്ടു. പിന്നാലെ താരം സഹോദരി താമസിക്കുന്ന ഹോട്ടലിലേക്ക് പോയി.
ഒളിമ്പിക്സ് വില്ലേജിലുള്ള തന്റെ സാധനങ്ങൾ എടുക്കാനാണ് അന്തിം സഹോദരിയെ പറഞ്ഞയച്ചതെന്നാണ് സൂചന. ഹരിയാനയിൽ നിന്നുള്ള 19കാരിയ ഗുസ്തി താരമാണ് അന്തിം. പരാജയപ്പെട്ടെങ്കിലും റെപഷാജ് റൗണ്ടിൽ വെങ്കല മെഡലിനുള്ള മത്സരം താരത്തിന് ബാക്കിയുണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ചയക്കുന്നതോടെ ഈ മത്സരത്തിൽ അന്തിമിന് പങ്കെടുക്കാൻ സാധിക്കില്ല.