
സാന്‍ഫ്രാന്‍സിസ്‌കോ: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിനെതിരെ പോരാടുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ടെക്സാസില്‍ ഒരു മോഡറേഷന്‍ ഓഫീസ് തുറക്കുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ്.
‘ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി സെന്റര്‍ ഓഫ് എക്സലന്‍സ് ഇതിനായി തുടക്കത്തില്‍ 100 ഉള്ളടക്ക മോഡറേറ്റര്‍മാരെ റിക്രൂട്ട് ചെയ്യുകയും, കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കവും പ്ലാറ്റ്ഫോമിന്റെ മറ്റ് നിയമങ്ങളുടെ ലംഘനങ്ങളും തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.
എക്സിന് കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഒരു ബിസിനസ്സ് ഇല്ലെന്നും എന്നാല്‍ കുറ്റവാളികള്‍ തങ്ങളുടെ പ്ലാറ്റ്ഫോം ഏതെങ്കിലും വിതരണത്തിനോ ഇതുമായി ബന്ധപ്പെട്ട ഉള്ളടക്കവുമായുള്ള ഇടപഴകലിനോ ഉപയോഗിക്കുന്നതില്‍ നിന്ന് തടയുന്നതിന് തങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്നും എക്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
2022 അവസാനത്തോടെയാണ് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് എക്‌സ് സ്വന്തമാക്കിയത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഉള്ളടക്കം കണ്ടെത്തിയാല്‍ ഉപയോക്താക്കള്‍ക്കെതിരെ ഉടനടി നടപടിയെടുക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് എക്‌സില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്നും അതേസമയം 13 മുതല്‍ 17 വരെ പ്രായമുള്ള യുവ ഉപയോക്താക്കള്‍ ഒരു സ്വകാര്യ ക്രമീകരണത്തിലേക്ക് സ്വയമേ ഡിഫോള്‍ട്ടായി അക്കൗണ്ട് തുറക്കാമെന്നും ഈ അക്കൗണ്ടുകള്‍ പരസ്യദാതാക്കള്‍ക്ക് ടാര്‍ഗെറ്റ് ചെയ്യാന്‍ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
ബുധനാഴ്ച യുഎസ് സെനറ്റില്‍ ഇത്തരത്തിലുള്ള കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാദം കേള്‍ക്കുന്നതിന് മുന്നോടിയായാണ് എക്സിന്റെ പ്രഖ്യാപനം.
മെറ്റാ, സ്നാപ്പ്, ടിക് ടോക്ക്, ഡിസ്‌കോര്‍ഡ്, എക്സ് എന്നിവയില്‍ നിന്നുള്ള ഉന്നത എക്സിക്യൂട്ടീവുകള്‍ സെനറ്റിന്റെ ജുഡീഷ്യറി കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കും. എക്സിനെ പ്രതിനിധീകരിക്കുന്നത് സിഇഒ ലിന്‍ഡ യാക്കാരിനോ ആയിരിക്കും.
കുട്ടികളുടെ സംരക്ഷണം, ഉള്ളടക്ക മോഡറേഷന്‍, തെറ്റായ വിവരങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ അവര്‍ കഴിഞ്ഞ ആഴ്ച വാഷിംഗ്ടണില്‍ എത്തിയിരുന്നു.
എക്സിന് നിലവില്‍ 2,000-ത്തിലധികം ഉള്ളടക്ക മോഡറേറ്റര്‍മാര്‍ ഉണ്ടെന്നും മുഴുവന്‍ സമയ ജീവനക്കാരും കരാറുകാറുമുണ്ടെന്നും കമ്പനി വ്യക്തമാക്കി.
മസ്‌ക്, പ്ലാറ്റ്‌ഫോം വാങ്ങിയതിന് ശേഷം ട്വിറ്ററിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. ഇതേത്തുടര്‍ന്ന് നിരവധി നിയമങ്ങള്‍ നീക്കം ചെയ്യുകയോ അയവ് വരുത്തുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരവധി നിരോധിത വ്യക്തികള്‍ക്ക് മടങ്ങിവരാന്‍ കഴിഞ്ഞു.