
കൊച്ചി: ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോള്‍ വേണ്ട ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് ഫൂട്ടേജ് സിനിമാ നിര്‍മ്മാതാക്കളായ മഞ്ജു വാര്യര്‍ക്കും മൂവി ബക്കറ്റിനും നോട്ടീസ് അയച്ച് യുവനടി ശീതള്‍ തമ്പി. ഒരു മാസത്തിനുള്ളില്‍ 5.75 കോടി നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീല്‍ വ്യക്തമാക്കുന്നു.
ഇന്ന് പുറത്തിറങ്ങിയ ഫൂട്ടേജ് സിനിമയില്‍ ശീതള്‍ തമ്പി അഭിനയിച്ചിരുന്നു. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഷൂട്ടിങ്ങിനിടയില്‍ ഫൈറ്റ് സീനില്‍ ശീതളിന് പരുക്കേറ്റിരുന്നു. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ സീനെല്ലാം ഷൂട്ട് ചെയ്യുന്നത്. എന്നാല്‍ മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ ശീതളിന് പരിക്കുണ്ടായി എന്നുമാണ് മഞ്ജു വാര്യര്‍ക്കും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരായ വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
എന്നാല്‍, അസി. ഡയറക്ടറുകൂടിയായ നടിയുടെ പരാതി തള്ളി ഫൂട്ടേജ് സിനിമയുടെ നിര്‍മാതാക്കള്‍ രംഗത്ത് വന്നു. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോള്‍ വേണ്ട ചികിത്സ നല്‍കിയെന്നും പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നല്‍കിയെന്നും നിര്‍മാതാക്കളായ മൂവി ബക്കറ്റ് വിശദീകരിച്ചു.
ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുമ്പോള്‍ ശീതളിന് കാര്യമായ രീതിയില്‍ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും വക്കീല്‍ നോട്ടീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നുവെന്നും. ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചിലവായിയെന്നും പക്ഷേ മൂവി ബക്കറ്റ് നിര്‍മാണ കമ്പനി പല ഘട്ടങ്ങളിലായി നല്‍കിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രമാണെന്നും ശീതള്‍ നോട്ടീസില്‍ പറയുന്നു.
നിലവില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. നേരിട്ട് ആവശ്യപ്പെട്ടിട്ടും സഹായിക്കാത്തതിനാലാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്നും ഫൂട്ടേജിന്റെ പ്രമോഷന്‍ വര്‍ക്കുകളിലെല്ലാം നടി സഹകരിച്ചുവെന്നും ശീതളിന്റെ അഡ്വക്കേറ്റ് വ്യക്തമാക്കി.














