
കൊച്ചി: വയോധികയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് മാലമോഷ്ടിച്ച യുവാവ് പിടിയില്‍. ചേന്ദമംഗലം കിഴക്കുംപുറം ഭാഗത്ത് കോറ്റട്ടാല്‍ ക്ഷേത്രത്തിന് വടക്കുവശത്തുള്ള റോഡിലൂടെ നടന്നു പോവുകയായിരുന്ന 80 വയസ്സുള്ള സുഭദ്രയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കുകയും കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. എറണാകുളം ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാല്‍ ഭാഗത്ത് മാതിരപള്ളി വീട്ടില്‍ ഷാജഹാന്‍ (28) നെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീടിന് സമീപത്തുകൂടി നടന്നുപോയപ്പോഴാണ് സുഭദ്രയുടെ പുറകിലൂടെ ചെന്ന് ഷാജഹാന്‍ ആക്രമിച്ചത്. എന്നാല്‍ സ്വര്‍ണ മാലയാണ് എന്ന് കരുതി മോഷ്ടിച്ചത് മുക്കുപണ്ടം ആയിരുന്നു. ആക്രമിച്ച ആളെ വയോധിക കണ്ടില്ലാത്തതിനാല്‍ പ്രതിക്ക് കാര്യങ്ങള്‍ എളുപ്പമായി. കവര്‍ച്ചാ ശ്രമത്തിനിടയില്‍ പരിക്കു പറ്റിയ വൃദ്ധ പ്രതിയുടെ വീട്ടില്‍ത്തന്നെയാണ് വിശ്രമിച്ചത്. കവര്‍ച്ച നടത്തിയ ആളെ പൊലീസും നാട്ടുകാരും തിരക്കി ഇറങ്ങിയപ്പോള്‍ ഷാജഹാനും ഒപ്പം കൂടി.
എന്നാല്‍, ഷര്‍ട്ട് ഇടാതെ മുണ്ടു മാത്രം ധരിച്ച ആളാണ് മാല പൊട്ടിച്ചെടുത്തത് എന്ന് വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടു പിടിക്കാനായത്. ഷാജഹാന്റെ വീടിനു പിന്നില്‍ ഒരു ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന തവിടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മാല പൊലീസ് കണ്ടെടുത്തു.










