
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ റെക്കോര്‍ഡ് സംഖ്യയില്‍ വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉയര്‍ന്ന വോട്ടിംഗ് ശതമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി മോദി യുവ വോട്ടര്‍മാരോടും സ്ത്രീ വോട്ടര്‍മാരോടും വന്‍തോതില്‍ പോളിംഗ് ബൂത്തുകളില്‍ എത്താനും വോട്ടു രേഖപ്പെടുത്താനും പ്രത്യേകം ആവശ്യപ്പെട്ടു.
‘ലോകസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് വോട്ട് ചെയ്യുന്ന മണ്ഡലങ്ങളിലെ എല്ലാവരോടും റെക്കോര്‍ഡ് സംഖ്യയില്‍ വോട്ട് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഉയര്‍ന്ന വോട്ടര്‍മാരുടെ എണ്ണം നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞ വെള്ളിയാഴ്ച നടന്നപ്പോഴും ഉയര്‍ന്ന പോളിംഗ് ശതമാനം നല്‍കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് ആഹ്വാനം ചെയ്തിരുന്നു. 2019 നെ അപേക്ഷിച്ച് ഏപ്രില്‍ 19 ന് നടന്ന ആദ്യ ഘട്ടത്തില്‍ പോളിംഗ് ശതമാനം കുറഞ്ഞതിന് ശേഷം വോട്ടിംഗ് ശതമാനം ഉയര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നുണ്ട്.
”ലോകസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് വോട്ട് ചെയ്യുന്ന മണ്ഡലങ്ങളിലെ എല്ലാവരോടും റെക്കോര്‍ഡ് സംഖ്യയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉയര്‍ന്ന വോട്ടിംഗ് ശതമാനം നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. പ്രത്യേകിച്ചും നമ്മുടെ യുവ വോട്ടര്‍മാരോടും സ്ത്രീ വോട്ടര്‍മാരോടും വലിയ തോതില്‍ വോട്ട് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്”-അദ്ദേഹം എക്സില്‍ കുറിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളം അടക്കം 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.













