
ആലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാവാലം സ്വദേശിയായ 25 കാരി ആതിര തിലക് ആത്മഹത്യ ചെയ്ത കേസിലാണ് കാവാലം സ്വദേശിയായ പത്തിൽച്ചിറ വീട്ടിൽ അനന്തുവിനെ (26) ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും പ്രണയത്തിലായതിനെ തുടർന്നാണ് വിവാഹത്തിന് തീരുമാനിച്ചത്. ഇരുവരുടെയും വീട്ടുകാർ നവംബര്‍ 13 ന് വിവാഹ നിശ്ചയ ചടങ്ങ് നടത്തി. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് അനന്തു ആതിരയുടെ വീട്ടില്‍ എത്തി വഴക്കുണ്ടാക്കുകയും ആതിരയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ആതിരയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അനന്തുവിന്റെ പെരുമാറ്റത്തിൽ മനംനൊന്ത യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൈനടി സബ് ഇൻസ്പെക്ടർ ജോയി എ ജെ, സജിമോൻ എം പി, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജോസലിൻ, അനൂപ്, എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയാണ് അനന്തുവിനെ അറസ്റ്റ് ചെയ്തത്.
Youth arrested for abetment of suicide of woman