
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യപ്രതി കീഴടങ്ങി. കാസർകോട് സ്വദേശി ജയ്‌സൺ ആണ് മ്യൂസിയം പൊലീസിൽ കിഴടങ്ങിയത്. യൂത്ത് കോൺഗ്രസ് കാസർകോട് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ്. കോടതി നിർദേശപ്രകാരം കീഴടങ്ങിയ ജയ്‌സനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ക്രൈംബ്രാഞ്ച് സംഘം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഇയാളെ ചോദ്യം ചെയ്തു. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലും സംഘവുമാണ് ചോദ്യംചെയ്തത്. ജയ്‌സന്റെ നേതൃത്വത്തിലാണ് വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിനു പരാതി നൽകിയതോടെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം ചർച്ചയായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചെന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നു.












