
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ കുറുകെയിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിന്റെ ദൃശ്യം പുറത്തായി. ഇതോടെ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടില്ലെന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ വാദം പൊളിയുകയായിരുന്നു. വിഷയം ഉയര്‍ത്തി നാളെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.
സീബ്ര ലൈനില്‍ കാര്‍ നിര്‍ത്തിയാണ് മേയറും സംഘവും ബസ് തടഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമ്പോഴും, തന്റെ വാഹനം ബസ് തടഞ്ഞിട്ടില്ലെന്നാണ് ആര്യ ആവര്‍ത്തിച്ചത്. എന്നാല്‍ പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്നും ബസ് തടയുന്നതിനു വേണ്ടി തന്നെയാണ് കാര്‍ ബസിന് മുന്നിലിട്ടതെന്ന് വ്യക്തമാണ്.
ഇതോടെ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള വാക്‌പോരില്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നതടക്കമുള്ള വാദം നിരത്തിയ ആര്യക്ക് തിരിച്ചടിയായിരിക്കുകയാണ്. വിഷയം ഏറ്റെടുത്ത കോണ്‍ഗ്രസ് നാളെ പ്രതിഷേധ മാര്‍ച്ച് നടത്തും. ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
ഏറെനേരം ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിക്കാതിരുന്ന ഡ്രൈവര്‍ യദു, കാര്‍ ബസിനെ മറികടക്കുമ്പോള്‍ കണ്ണിറുക്കി കാണിച്ചെന്നും ശേഷം കൈയും നാവും ഉപയോഗിച്ച് ലൈംഗിക ചേഷ്ട കാട്ടിയെന്നും മേയര്‍ ആരോപിച്ചു. സ്ത്രീയെന്ന നിലയില്‍ അപമാനം നേരിട്ടതുകൊണ്ടാണ് പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നില്‍ വച്ച് വണ്ടി തടഞ്ഞുനിര്‍ത്തി ഇത് ചോദ്യം ചെയ്തതെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞിരുന്നു. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം എല്‍ എയും ഒപ്പമുള്ളപ്പോയായിരുന്നു സംഭവം നടന്നത്.