
കുമളി: കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയില്‍ കാറിന്റെ സൺറൂഫിലിരുന്ന് അപകടരമായ രീതിയില്‍ യാത്ര ചെയ്ത യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദേശീയപാതയില്‍ കുമളിയില്‍ നിന്നും ലോവര്‍ക്യാമ്പിലേക്കുള്ള റോഡിലായിരുന്നു ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിന്റെ സണ്‍റൂഫിലിരുന്ന് യുവാവ് യാത്ര നടത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ വീഡിയോ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ എത്തിയതോടെയാണ് നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. തമിഴ്‌നാടിന്റെ പരിധിയില്‍ വരുന്ന സ്ഥലത്താണ് യുവാവ് അപകടകരമായ യാത്ര നടത്തിയിട്ടുള്ളത്. അതിനാല്‍ യുവാവിനെതിരെ നടപടി സ്വീകരിക്കാന്‍ തേനി ആര്‍.ടി.ഒ.യ്ക്ക് കത്ത് കൊടുക്കുമെന്ന് കുമളി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.