പെട്രോള്‍ പമ്പിലെത്തി ദേഹത്ത് തീകൊളുത്തിയ യുവാവ് മരിച്ചു

തൃശൂര്‍: പെട്രോള്‍ പമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) മരിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു ഷാനവാസ് സ്വയം തീകൊളുത്തിയത്. കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.

സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു. തീ ആളിപ്പടര്‍ന്ന ഉടന്‍തന്നെ ജീവനക്കാര്‍ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചിരുന്നുവെങ്കിലും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.

ഉടന്‍ തൊട്ടടുത്ത മെറീന ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

More Stories from this section

family-dental
witywide