
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സിക വൈറസ് അണുബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ 46 കാരനായ ഡോക്ടറിനും 15 കാരിയായ മകള്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
പനി ഉള്‍പ്പെടെയുള്ള ചില ലക്ഷണങ്ങള്‍ കണ്ടതോടെ ആദ്യം കുട്ടിയുടെ പിതാവ് ചികിത്സ തേടുകയായിരുന്നു. അദ്ദേഹത്തിന്റെ രക്ത സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എന്‍ഐവി) പരിശോധനയ്ക്കായി അയച്ചു. തുടര്‍ന്ന് ഈ മാസം 21 നാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ സിക വൈറസ് അണുബാധ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കുടുംബത്തിലെ അഞ്ച് പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. അപ്പോഴാണ് 15 വയസ്സുള്ള മകളിലും രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്. രണ്ട് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.
സംസ്ഥാന ആരോഗ്യവകുപ്പ് കൊതുക് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
1947ല്‍ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകിലൂടെയാണ് സിക വൈറസ് രോഗം പകരുന്നത്.