സെയ്ഫിനെ ആക്രമിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു , തന്നെ ബലിയാടാക്കിയെന്നും പൊലീസിന് തെളിവൊന്നും കിട്ടിയില്ലെന്നും പ്രതികരണം

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറി താരത്തെയും വീട്ടിലെ ജോലിക്കാരെയും ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദിനെ മുംബൈ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ബംഗ്ലാദേശ് പൗരനായ പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് താനെയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടന്ന ഇയാള്‍ ബിജോയ് ദാസ് എന്ന വ്യാജ പേരിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി മുംബൈയില്‍ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ഷരീഫുളിനെ ഇവിടെ ആരാണ് സഹായിച്ചതെന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. മുംബൈയിലെ പ്രതിയുടെ പരിചയക്കാരെയും കണ്ടെത്താന്‍ നീക്കം തുടങ്ങി.

പൊലീസ് ബലിയാടാക്കുകയാണെന്നും തനിക്കെതിരെ പൊലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ഷരീഫുളിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രതിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ഒരു സെലിബ്രിറ്റിയെ സംബന്ധിക്കുന്ന കേസ് ആയതിനാലാണ് ഇത്തരം നീക്കമെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ, ഷരീഫുളിന്റെ ആക്രമണത്തില്‍ 54 കാരനായ സെയ്ഫിന് ആറ് കുത്തേറ്റിട്ടുണ്ട്. താരം സുഖംപ്രാപിച്ചു വരുന്നു.