പാകിസ്ഥാന് 1 ബില്യണ്‍ ഡോളര്‍ സഹായം : അന്താരാഷ്ട്ര നാണയ നിധിയെ തടയാത്തതിന് ട്രംപ് ഭരണകൂടത്തെ കുറ്റപ്പെടുത്തി യു.എസ് സൈനിക തന്ത്രജ്ഞന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഭീകരാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്ഥാന് 1 ബില്യണ്‍ ഡോളറിന്റെ സഹായം അനുവദിച്ചതില്‍ ട്രംപ് ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തെ കുറ്റപ്പെടുത്തി യുഎസ് സൈനിക തന്ത്രജ്ഞന്‍. യുഎസ് എന്തുകൊണ്ട് ഈ നീക്കത്തെ തടഞ്ഞില്ലെന്നാണ് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈനിക തന്ത്രജ്ഞനായ മൈക്കല്‍ റൂബിന്റെ ചോദ്യം.

ഭീകരവാദം നിറഞ്ഞ, ചൈന അനുകൂല ഭരണകൂടത്തിന് 1 ബില്യണ്‍ ഡോളര്‍ അനുവദിക്കുക എന്നത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഐഎംഎഫ് മൂക്ക് കുത്തിക്കുന്നതിന് തുല്യമാണെന്ന് റൂബിന്‍.

പാകിസ്ഥാന്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി പുരുഷന്മാരെ അവരുടെ കുടുംബങ്ങളുടെ മുന്നില്‍ വെച്ച് വധിച്ചതിന് ശേഷമാണ് ഈ നടപടി ഉണ്ടായതെന്ന് റൂബിന്‍ ചൂണ്ടിക്കാട്ടി. തീവ്രവാദികളുമായി ബന്ധമില്ലെന്ന് പറയുന്നതിന് പകരം പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ തീവ്രവാദികളുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും പിന്നീട് ഇന്ത്യയെ ആക്രമിക്കുകയും ചെയ്‌തെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യയുടെ നടപടികളില്‍ ഭയന്നുവിറച്ച് കാലുകള്‍ക്കിടയില്‍ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിര്‍ത്തലിനായി പാകിസ്ഥാന്‍ പരക്കം പായുകയായിരുന്നുവെന്നും പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിലൊന്നായ പാകിസ്ഥാന് 1 ബില്യണ്‍ ഡോളര്‍ നല്‍കാന്‍ വെള്ളിയാഴ്ച ഐഎംഎഫ് സമ്മതിച്ചിരുന്നു. പാകിസ്ഥാന് പണം അയയ്ക്കുന്നതിലൂടെ, ഐഎംഎഫ് ചൈനയെ ഫലപ്രദമായി രക്ഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide