
പെരുവന്താനം : ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിന്റെ (45) കുടുംബത്തിന് സഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി. സോഫിയുടെ കുടുംബത്തിന് ഇന്നു തന്നെ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് കളക്ടറുടെ ഉറപ്പ്.
സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു. ഉറപ്പുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംഭവ സ്ഥലത്തു നിന്നു മാറ്റുകയും ചെയ്തു. പ്രദേശത്ത് കാട്ടാനയുടെ ഭീഷണിയില്‍ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.
ഈ പ്രദേശത്തുള്ളവര്‍ വെള്ളം എടുക്കുന്നത് വനമേഖലയോട് ചേര്‍ന്നുള്ള ജലസ്രോതസ്സില്‍ നിന്നാണ്. അത്തരത്തില്‍ വെള്ളം എടുക്കാന്‍ പോയപ്പോഴാണ് സോഫിയ ഇസ്മയിലിനെ കാട്ടാന ആക്രമിച്ചത്. സംഭവശേഷം ഏറെനേരം മൃതദേഹത്തിനു സമീപം ആന നിലയുറപ്പിച്ചു. സോഫിയയുടെ മരണത്തില്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. കളക്ടര്‍ എത്താതെ സോഫിയയുടെ മൃതദേഹം എടുക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. തുടര്‍ന്നാണ് ധനസഹായം ഉള്‍പ്പെടെയുള്ള ഉറപ്പ് കളക്ടര്‍ നല്‍കിയത്.












