അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ 10 പേരെ കാണാനില്ല, ഫോണുകൾ സ്വിച്ച് ഓഫ്‌; ഭീകരബന്ധത്തിൽ സംശയം

ഡൽഹി: ഹരിയാണയിലെ ഫരീദാബാദ് ധൗജിലുള്ള അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ ജീവനക്കാരും വിദ്യാർഥികളുമടക്കം 10 പേരെ കാണാതായതായി അന്വേഷണ ഏജൻസികൾ. ഇവരിൽ മൂന്നു കശ്മീർ സ്വദേശികളും ഉൾപ്പെടുന്നു. കാണാതായവരുടെയെല്ലാം മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ചെങ്കോട്ടയ്ക്കു മുന്നിൽ നടന്ന സ്ഫോടന പദ്ധതിയുടെ പ്രധാന ആസൂത്രകരായ ഡോക്ടർമാരും ഈ സർവകലാശാലയുമായി ബന്ധപ്പെട്ടവരായിരുന്നു എന്നതിനാലാണ് ഭീകരബന്ധ സംശയം ശക്തമാകുന്നത്.

സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. സർവകലാശാലയ്ക്കു ലഭിച്ച കോടിക്കണക്കിനു രൂപ കുടുംബ ട്രസ്റ്റുകളിലേക്കു വകമാറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ജാവേദിന്റെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പണം തട്ടിപ്പു കേസിൽ മധ്യപ്രദേശ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

1997-ൽ അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ മെഡിക്കൽ കോളജായി ആരംഭിച്ച സ്ഥാപനം 2014-ൽ യൂണിവേഴ്സിറ്റിയായി. ഇപ്പോൾ മെഡിക്കൽ, എൻജിനീയറിങ്, ബിഎഡ്, എംഎഡ് കോഴ്സുകളുള്ള വൻ വിദ്യാഭ്യാസ സമുച്ചയമാണ്. കാണാതായ 10 പേർക്കും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷണ ഏജൻസികൾ സൂക്ഷ്മമായി പരിശോധിക്കുന്നു.

More Stories from this section

family-dental
witywide