
ലുധിയാന: പഞ്ചാബില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ഗ്രനേഡ് ആക്രമണം നടത്താന്‍ തയ്യാറെടുത്ത സംഘത്തെ പഞ്ചാബ് പൊലീസ് അറസ്റ്റുചെയ്തു. പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഐഎസ്ഐയുടെ പിന്തുണയുള്ള പത്തുപേരെയാണ് പിടികൂടിയിരിക്കുന്നത്. പ്രതികള്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഹാന്‍ഡ്ലര്‍മാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലേഷ്യ ആസ്ഥാനമായുള്ള മൂന്ന് ഇടനിലക്കാര്‍ വഴി പ്രതികള്‍ പാകിസ്ഥാനിലെ അവരുടെ ഹാന്‍ഡ്ലര്‍മാരുമായി ആശയവിനിമയം നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ഹാന്‍ഡ് ഗ്രനേഡ് എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഈ ഹാന്‍ഡ്ലര്‍മാര്‍ പ്രവര്‍ത്തിച്ചെന്നും തിരക്കേറിയ സ്ഥലത്ത് ആക്രമണം നടത്താന്‍ ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയതായുമാണ് വിവരം.
സംഭവത്തെത്തുടര്‍ന്ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ സ്വദേശികളും നിലവില്‍ മലേഷ്യയില്‍ താമസിക്കുന്നവരുമായ അജയ് മലേഷ്യ എന്ന അജയ്, ജാസ് ബെഹ്ബാല്‍, പവന്‍ദീപ് എന്നിവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍സിഎന്‍) പുറപ്പെടുവിച്ചതായി ലുധിയാന പൊലീസ് കമ്മീഷണര്‍ സ്വപന്‍ ശര്‍മ്മ പറഞ്ഞു. ഇവര്‍ക്ക് പാകിസ്ഥാന്റെ ഐഎസ്ഐയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.
ഒക്ടോബര്‍ 27 ന് മുക്ത്‌സറിലുള്ള കുല്‍ദീപ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളില്‍ നിന്നും സജീവ ചൈനീസ് ഹാന്‍ഡ് ഗ്രനേഡ് ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇന്നലെ 10 പേരെ പിടികൂടാനായത്. സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 3, 4, 5, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 113 (ഭീകരവാദ നിയമം) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. യുഎപിഎ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. ചെങ്കോട്ടയില്‍ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ രാജ്യവ്യാപകമായി പരിശോധനകള്‍ നടത്തി വരികയാണ്.
10 people arrested for planning grenade attack in Punjab; Suspects have links to Pakistani spy organization
















