
കുവൈത്ത് സിറ്റി : കുവൈത്തിൽ ഹൃദയാഘാത രോഗികളുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നതായി കുവൈത്ത് ഹൃദയ അസോസിയേഷൻ ഡയറക്‌ടർ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. ഡോ. മുഹമ്മദ് സുബൈദ്. കഴിഞ്ഞ 18 മാസത്തിനിടെ ഏകദേശം 10,200 പേർക്ക് ഹൃദയാഘാതം സംഭവിച്ചു. ഇവരിൽ 65 ശതമാനത്തിന് ഉയർന്ന രക്തസമ്മർദവും 55 ശതമാനത്തിന് പ്രമേഹവും ഉണ്ടായിരുന്നു.
രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്ര ഹൃദയാഘാതം അനുഭവിച്ച രോഗികളിൽ അസോസിയേഷൻ നടത്തിയ പഠനത്തിലാണ് കണക്കുകൾ പുറത്തുവന്നത്. മുബാറക് അൽ കബീർ ആശുപത്രിയിലെ കാർഡിയോളജി വിഭാഗവും കുവൈത്തിലെ ഹൃദയ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കാർഡിയോളജി അപ്ഡേറ്റ്സ് കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജീവിതശൈലി മാറ്റങ്ങൾ, മരുന്നുകളിലൂടെ ചികിത്സ, ആധുനിക കാതറ്ററൈസേഷൻ സാങ്കേതികവിദ്യ ഉൾപ്പെടുന്ന ശസ്ത്രക്രിയ ഇടപെടലുകൾ എന്നിവയുടെ പ്രാധാന്യം ഹൃദയാഘാതം തടയുന്നതിന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, പ്രമേഹം തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടുന്നതിനായി ഫാർമസ്യൂട്ടിക്കൽ, സർജിക്കൽ, എൻഡോസ്കോപ്പിക് മേഖലകളിലെ പുതിയ ഗവേഷണങ്ങളും നൂതന ചികിത്സാവിധികളും സമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ചു.
10,200 people in Kuwait suffered heart attacks in 18 months











