
ബിഹാർ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക പുതുക്കലിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം പിമാർ പാർലമെന്റ് പരിസരത്ത് വേറിട്ട സമരവുമായി രംഗത്തെത്തി. ബീഹാറിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടെ ‘124 വയസ്സുകാരി മിന്താ ദേവി’യുടെ ചിത്രം പതിച്ച ടീ ഷർട്ടുകൾ ധരിച്ചാണ് എം.പിമാർ പ്രതിഷേധിച്ചത്.
124 വയസ്സുള്ള ആദ്യ വോട്ടർ’ എന്ന് പരിഹസിച്ചായിരുന്നു സമരം. വോട്ടർ പട്ടികയിലെ ഈ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി, ബിഹാറിലെ പ്രത്യേക തീവ്ര പുനരവലോകന (SIR) നടപടികൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുപോലുള്ള നിരവധി കേസുകളുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ടീ ഷർട്ട് ധരിച്ച് പ്രതിഷേധിച്ചവരിൽ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു. വോട്ടർ പട്ടികയിലെ മേൽവിലാസങ്ങളും ബന്ധുക്കളുടെ പേരുകളും വ്യാജമാണെന്ന് അവർ ആരോപിച്ചു.
സിവാന്‍ ജില്ലയിലെ മിന്‍ത ദേവിക്ക് 124 വയസ്സ്, ഭാഗല്‍പൂര്‍ ജില്ലയിലെ ആശാദേവിക്ക് 120 വയസ്സ്, ഗോപാല്‍ ഗഞ്ച് ജില്ലയിലെ മനദൂരിയ ജില്ലയിലെ 119 വയസ്സ് എന്നിങ്ങനെ പ്രായം തെറ്റായി രേഖപ്പെടുത്തിയ വിവരങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അച്ചടി പിശക് മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം. മിന്താ ദേവിക്ക് 124 വയസ്സല്ല, 35 വയസ്സാണെന്നും വിവരിക്കുന്നുണ്ട്. സിവാൻ ജില്ലയിലെ ദരൗണ്ട മണ്ഡലത്തിലെ വോട്ടറായ മിന്ത ദേവിയുടെ അപേക്ഷാ ഫോമിലുണ്ടായ പിഴവാണ് പ്രായം 124 ആയി രേഖപ്പെടുത്താൻ കാരണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇലക്ട്രൽ റോൾ പുതുക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ളവർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇത് ‘വോട്ട് കൊള്ള’ ആണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ നീക്കം വോട്ടർമാരെ നിരാകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് ആരോപണം. വോട്ട് കൊള്ള ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം തുടരുകയാണ്. വ്യാജ വോട്ടില്‍ ഇനിയും വിവരങ്ങള്‍ പുറത്ത് വരാനുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടമ നിറവേറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനയുടെ അടിസ്ഥാനങ്ങളിലൊന്നായ ഒരു പൗരന് ഒരു വോട്ട് എന്നത് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.