
ലിസ്ബന്‍ : പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബിലെ ഫ്യൂണിക്കുലര്‍ (ട്രാം) പാളം തെറ്റിയുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുവയസുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം എലവാഡോര്‍ ഡ ഗ്ലോറിയ എന്നറിയപ്പെടുന്ന ട്രാം ആണ് അപകടത്തില്‍പ്പെട്ടത്. വിദേശ പൗരന്മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനത്തിരക്കുള്ള പ്രാസ ഡോസ് റസ്റ്റോറന്റുകള്‍ക്ക് സമീപമാണ് അപകടം നടന്നത്.
ട്രാം ഓടുന്ന ട്രാക്കില്‍ തകര്‍ന്ന് കിടക്കുന്നതായാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ട്രാമിലെ സുരക്ഷാ കേബിള്‍ പൊട്ടിയതാകാം അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു.
ദൈനംദിന പരിശോധനകള്‍ ഉള്‍പ്പെടെ എല്ലാ അറ്റകുറ്റപ്പണികളും സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചാണ് ട്രാം സര്‍വ്വീസ് നടത്തുന്നതെന്ന് ഓപ്പറേറ്ററും അറിയിച്ചിട്ടുണ്ട്. ലിസ്ബണ്‍ മേയര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലിസ്ബനില്‍ 1885-ല്‍ തുറന്നതാണ് ഫ്യൂണിക്കുലര്‍ ട്രാം സര്‍വീസ്.