കനത്ത മഴ ഡൽഹിയെ മുക്കി, അമേരിക്കയടക്കമുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രൂക്ഷം

ഡൽഹി: തലസ്ഥാന നഗരിയിൽ കനത്ത മഴയെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടു. അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. എട്ട് വിമാനങ്ങൾ ജയ്പുരിലേക്കും അഞ്ച് വിമാനങ്ങൾ ലഖ്‌നൗവിലേക്കും രണ്ട് വിമാനങ്ങൾ ഛണ്ഡീഗഢിലേക്കും വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. രാവിലെ മുതൽ തുടരുന്ന കനത്ത മഴ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിനും വെള്ളക്കെട്ടിനും കാരണമായി. മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിക്കുമെന്ന് ഡൽഹി എയർപോർട്ട് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഡൽഹി മെട്രോ ഉപയോഗിക്കണമെന്നും, ഏറ്റവും പുതിയ വിമാന വിവരങ്ങൾക്കായി എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മഴയുടെ ശക്തി കുറയുന്നതുവരെ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.