
ഗാസ: ഒരാഴ്ച മുന്‍പ് തെക്കന്‍ ഗാസയിലെ റഫായിലുള്ള ടെല്‍ അല്‍ സുല്‍ത്താനില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 15 പേരെ ഇസ്രയേല്‍ സൈന്യം കൊന്ന് കുഴിച്ചുമൂടി.
പലസ്തീന്‍ റെഡ് ക്രസന്റ് സംഘടനയുടേതടക്കം 15 പ്രവര്‍ത്തകരെയാണ് ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയത്. 8 റെഡ് ക്രസന്റ് പ്രവര്‍ത്തകരുടെയും 6 സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരുടെയും ഒരു യുഎന്‍ ജീവനക്കാരന്റെയും മൃതദേഹങ്ങളാണ് വീണ്ടെടുത്തത്. ഇവരെ ഓരോരുത്തരെയായി വെടിവച്ച് കൊല്ലുകയായിരുന്നെന്ന് യുഎന്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് ഓഫിസിന്റെ മേധാവി ജോനാഥന്‍ വിറ്റാള്‍ പറഞ്ഞു.
ഇസ്രയേല്‍ സൈന്യം ബുള്‍ഡോസര്‍ കൊണ്ടു കുഴിയെടുത്ത് രക്ഷാപ്രവര്‍ത്തകരുടെ ആംബുലന്‍സുകള്‍ വരെ മൂടിയ നിലയിലായിരുന്നു. കൂട്ടക്കുഴിമാടത്തിന്റെ മണ്ണു നീക്കുമ്പോള്‍ യൂണിഫോമിട്ട ശരീരങ്ങളാണ് കാണാനായത്. ദൗത്യസംഘത്തിലെ ഒരാളെ കാണാതായിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ യുഎന്‍ റിലീഫ് ഏജന്‍സി മേധാവി ഫിലിപ്പ് ലാസറീനി അപലപിച്ചു.
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ സൈന്യം ആക്രമണം പുനരാരംഭിച്ചതിന്റെ പിറ്റേന്ന്, മാര്‍ച്ച് 23നാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരെ കൊന്ന് മൃതദേഹം ഒരുമിച്ച് കുഴിച്ചുമൂടിയത്.