ന്യൂഡൽഹി: സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന ഡോ. പാർത്ഥസാരഥിക്കെതിരെ പരാതിയുമായി 17 വിദ്യാർത്ഥികൾ. ഡൽഹി വസന്ത് കുഞ്ചിലെ ആശ്രമം ഡയറക്ടറായ സ്വാമി ചൈതന്യാനന്ദ സരസ്വതിയ്ക്കെതിരെ നിരവധി ലൈംഗിക പീഡന പരാതികളാണ് നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങൾക്കും കേസ് രജിസ്റ്റർ ചെയ്തതായി സൗത്ത് വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി പൊലീസ് കമീഷണർ അമിത് ഗോയൽ പറഞ്ഞു.
‘സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പെൺകുട്ടികൾ മൊഴി നൽകി. വനിതാ അധ്യാപികമാരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും ഇതിന് കൂട്ടുനിന്നതായും ചില വാർഡൻമാർ തങ്ങളെ പ്രതിക്ക് പരിചയപ്പെടുത്തിയതായും വിദ്യാർത്ഥികൾ പറയുന്നു. ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലാണ് സംഭവം. പരാതിക്കാരെല്ലാം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ (പിജിഡിഎം) വിദ്യാർത്ഥികളാണ്.
കേസിൽ ഇതുവരെ 32 വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി. പ്രതി സ്വാമി ചൈതന്യാനന്ദ നിലവിൽ ഒളിവിലാണ്. ശാരദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബേസ്‌മെന്റിൽ നിന്ന് പ്രതി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു വോൾവോ കാർ കണ്ടെത്തി. മുമ്പും ഇയാൾക്കെതിരെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2009-ൽ ഡിഫൻസ് കോളനിയിൽ വഞ്ചന, ലൈംഗിക പീഡനം, 2016-ൽ വസന്ത് കുഞ്ചിലെ ഒരു സ്ത്രീയുടെ ലൈംഗിക പീഡന പരാതി എന്നീ കേസുകളും ഇയാൾക്കെതിരെ ഉണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകൾ പൊലീസ് പുന:പരിശോധിക്കും.














