
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആലപിച്ച് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്ന വിദേശികളെ നാം മുമ്പും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുറത്തുവന്ന അത്തരത്തിലൊരു ഒരു വൈറല്‍ വീഡിയോ ഇന്ത്യന്‍ ജനതയുടെ ഹൃദയം കവരുകയാണ്. അമേരിക്കയില്‍ നിന്നുള്ള 17 കാരന്റെ വീഡിയോയാണ് ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ചത്.
’17 വയസ്സുള്ള ഒരു അമേരിക്കക്കാരന്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ അഭിമാനം തോന്നുന്നു’ എന്ന അടിക്കുറിപ്പോടെ യുഎസില്‍ താമസിക്കുന്ന ദിഷ പന്‍സൂരിയയാണ് വീഡിയോ പങ്കിട്ടത്. ഗേബ് മെറിറ്റ് എന്ന കൗമാരക്കാരന്‍ തന്റെ ഹൃദയംഗമമായ പ്രകടനത്തിലൂടെ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നുണ്ട്. മെറിറ്റ് അത്ഭുതകരമാ ആളാണെന്നും മിക്കവാറും എല്ലാ രാജ്യത്തിന്റെയും ദേശീയഗാനം അറിയാമെന്നും പക്ഷേ ഇന്ത്യയുടേതാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടതെന്നും പന്‍സൂരിയ തന്റെ അടിക്കുറിപ്പില്‍ പറയുന്നു. ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും പോസിറ്റീവ് കമന്റുകളും ലഭിച്ച വീഡിയോ പെട്ടെന്നാണ് വൈറലായത്.
ദേശീയഗാനം ശരിയായി പഠിക്കുന്നതിലും ആലപിക്കുന്നതിലും കൗമാരക്കാരന്റെ സമര്‍പ്പണത്തിനും പരിശ്രമത്തിനും പ്രശംസകള്‍ പ്രവഹിക്കുകയാണ്. പലരും മെറിറ്റിന്റെ പ്രകടനത്തെ ‘ഹൃദയസ്പര്‍ശിയായത്’ എന്നും ‘പ്രചോദനം നല്‍കുന്നതാണ് എന്നും കുറിച്ചു. മാത്രമല്ല, ഈ നിഷ്‌കളങ്കനായ വ്യക്തിയോട് ഒരുപാട് സ്‌നേഹം’, നിന്നെക്കുറിച്ച് വളരെ അഭിമാനമുണ്ട്…’ ഇങ്ങനെ നീളുന്നു മറ്റ് കമന്റുകള്‍.