
ന്യൂഡല്‍ഹി : ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ ബസിന് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് വന്‍ ദുരന്തം. ബസിലുണ്ടായിരുന്ന 18 യാത്രക്കാര്‍ മരിച്ചു. മുപ്പതോളം യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹരിയാനയിലെ റോഹ്തക്കില്‍ നിന്ന് ബിലാസ്പൂരിനടുത്തുള്ള ഗുമര്‍വിനിലേക്ക് പോയ ബസാണ് കനത്ത മഴയെത്തുടര്‍ന്ന് അപകടത്തിനിരയായത്.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
‘ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ ഉണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ദുരിതബാധിതരായ ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,’ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.