റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണം ഡിസംബർ 27 ന്

ഷോളി കുമ്പിളുവേലി

ന്യൂയോർക്ക് : അമേരിക്കയിൽ സിറോ മലബാർ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷികം, ഡിസംബർ 27 (ശനി) ന് ബ്രോങ്ക്സ് സൈന്റ്‌സ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വെച്ച് സമുചിതമായി ആചരിക്കുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയിൽ ഷിക്കാഗോ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ മുഖ്യ കാർമ്മികൻ ആയിരിക്കും. വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികർസഹകാർമ്മികത്വം വഹിക്കും.

ദിവ്യബലിക്കും ഒപ്പീസിനും ശേഷം, പാരിഷ് ഹാളിൽ അനുസ്മരണ യോഗവും നടക്കും. യോഗത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്, വിവിധ വൈദികർ, ആല്മമായ പ്രതിനിധികൾ, ജോസച്ചന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ജോസച്ചനെ അനുസ്മരിക്കും. ബ്രോങ്ക്സ് സെൻറ് തോമസ് സീറോ മലബാർ ഇടവക സ്‌ഥാപിക്കുകയും പതിനെട്ട് വർഷത്തിലധികം അതേ ദേവാലയത്തിൽ തന്നെ വികാരിയായി ശുശ്രുഷ ചെയ്യുകയും ചെയ്ത ജോസച്ചൻ, 2024 ഡിസംബർ 21 -ാം തീയതി ന്യൂയോർക്കിൽ വെച്ചാണ് അന്തരിച്ചത്.

റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്ത് ജോസച്ചനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് വടാന സ്വാഗതം ചെയ്തു. ചടങ്ങിൽ ജോസച്ചൻ്റെ ധന്യമായ ഓർമ്മയും പൈതൃകവും വരും തലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനായി രൂപീകരിച്ച ചാരിറ്റി ഓർഗനൈസേഷനായ ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ്റെ ഉദ്‌ഘാടനവും ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ നിർവ്വഹിക്കും.

1st death anniversary commemoration of Rev. Fr. Jose Kandathikkudi on 27th December