
ന്യൂഡല്‍ഹി : യുകെയിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലായണ്.ഹൈദരാബാദിലെ നടര്‍ഗുലില്‍ നിന്നുള്ള ചൈതന്യ ടാരെ (23), ബോഡുപ്പലില്‍ നിന്നുള്ള റിഷിതേജ റാപോലു (21) എന്നിവരാണ് മരിച്ചത്. ‘ഗണേശ വിഗ്രഹം’ നിമജ്ജനം ചെയ്ത ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഒമ്പത് വിദ്യാര്‍ത്ഥികളുടെ സംഘം. തിങ്കളാഴ്ച എസെക്‌സില്‍വെച്ച് രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം.
ബിടെക് പൂര്‍ത്തിയാക്കിയ ശേഷം ബിരുദാനന്തര ബിരുദം നേടുന്നതിനായി എട്ട് മാസം മുമ്പ് ലണ്ടനിലേക്ക് താമസം മാറിയതാണ് മരിച്ച ചൈതന്യ. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് റിഷിതേജ മരിച്ചത്. അപകടത്തെ തുടര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികളെ റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സായ് ഗൗതം റാവുള്ള എന്ന 30കാരന്‍ വെന്റിലേറ്ററിലാണുള്ളത്. ന്യൂതന്‍ തടികായല എന്ന വിദ്യാര്‍ത്ഥി ഭാഗികമായി തളര്‍ന്ന നിലയിലാണ്. പരിക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളായ യുവ തേജ റെഡ്ഡി ഗുറാം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്യാല എന്നിവരും ചികിത്സയിലാണ്.
അപകടത്തില്‍പ്പെട്ട കാറുകള്‍ ഓടിച്ചിരുന്ന ഗോപിചന്ദ് ബടമേകല, മനോഹര്‍ സബ്ബാനി എന്നീ രണ്ട് വിദ്യാര്‍ത്ഥികളെ യുകെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച രാത്രിയാണ് ഹൈദരാബാദിലെ കുടുംബങ്ങളിലേക്ക് ദുരന്തവാര്‍ത്ത എത്തിയത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നത് വേഗത്തിലാക്കണമെന്ന് ഇരുവരുടേയും കുടുംബങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.












