മുസാഫർപുരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ആർജെഡി നേതാവ് തേജസ്വി യാദവിനെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ഇരുവരെയും അഴിമതിയുടെ ‘രാജകുമാരന്മാർ’ എന്ന് വിശേഷിപ്പിച്ച മോദി, വ്യാജ വാഗ്ദാനങ്ങളുടെ കട തുറന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചു. രാഹുൽ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ രാജകുമാരനും തേജസ്വി ബിഹാറിലെ സമാന കുടുംബത്തിലെ അംഗവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് കോടിയുടെ അഴിമതിക്കേസുകളിൽ ജാമ്യത്തിലുള്ള ഇവർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
രാഹുലും തേജസ്വിയും തന്നെ 24 മണിക്കൂറും അധിക്ഷേപിക്കുന്നുവെന്ന് മോദി പറഞ്ഞു. പിന്നാക്ക കുടുംബത്തിൽ നിന്നുള്ള ഒരാൾ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത് സഹിക്കാനാവാതെ ഇവർ സ്വയം ഗാന്ധിമാർ എന്ന് വിളിച്ച് തന്നെ ശപിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ‘നാംദാർ’ (പ്രസിദ്ധർ) സ്വാഭാവികമായി ‘കാംദാറി’യെ (തൊഴിലാളി) അപമാനിക്കുമെന്ന് പറഞ്ഞ മോദി, കോൺഗ്രസ്-ആർജെഡി ഭരണകാലത്ത് രാഷ്ട്രീയ യജമാനന്മാർക്ക് മുന്നിൽ തലകുനിക്കുന്നവർക്ക് മാത്രമേ ബഹുമതികളും പുരസ്കാരങ്ങളും ലഭിച്ചിരുന്നുള്ളൂവെന്ന് വിമർശിച്ചു. പാവങ്ങളെ ഉയർത്താൻ ഇത്തരക്കാർക്ക് കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പിൽ തനിക്കെതിരായ അധിക്ഷേപങ്ങൾ യഥാർത്ഥ വാർത്തയല്ലെന്നും ആർജെഡിയിലും കോൺഗ്രസിലും നടക്കുന്ന ആന്തരിക ചേരിപ്പോരാണ് പ്രധാനമെന്നും മോദി ചൂണ്ടിക്കാട്ടി. ഇരു പാർട്ടികളും തമ്മിലുള്ള തർക്കം മറച്ചുവെച്ച് അധികാരത്തോടുള്ള ആർത്തി മൂലം ഒരുമിച്ച് നിൽക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
സാമൂഹിക നീതിയുടെ പേരിൽ ജനങ്ങളെ വഞ്ചിക്കുക മാത്രമാണ് ആർജെഡി-കോൺഗ്രസ് സഖ്യം ചെയ്തതെന്ന് മോദി ആരോപിച്ചു. ഡോ. ബാബാസാഹേബ് അംബേദ്കറെ രാജ്യം ആദരിക്കുമ്പോൾ ആർജെഡി നേതാക്കൾ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ചവിട്ടിമെതിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ദളിതരോടുള്ള മനോഭാവത്തിൽ ഇരു പാർട്ടികളും ഒരേപോലെയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
















