‘നാല് പതിറ്റാണ്ടിനിടെ ഭീകരാക്രമണങ്ങളില്‍ 20,000 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച സിന്ധു നദീജല ഉടമ്പടിയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പാക്കിസ്ഥാന്‍ നല്‍കുന്നതെന്ന് ഇന്ത്യ.

‘ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമായ’ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ 65 വര്‍ഷം പഴക്കമുള്ള കരാര്‍ നിര്‍ത്തിവെച്ചത് തുടരുമെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വ്വതനേനി ഹരീഷ് പറഞ്ഞു.

കരാര്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയം പാകിസ്ഥാന്‍ പ്രതിനിധി ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കുകയും ‘ജലം ജീവനാണ്, യുദ്ധത്തിനുള്ള ആയുധമല്ല’ എന്ന് പരാമര്‍ശിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യയുടെ മറുപടി എത്തിയത്. ‘ഒരു ഉയര്‍ന്ന നദീതീര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ എപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഹരീഷ് പറഞ്ഞു. 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ സിന്ധു നദീജല കരാറില്‍ ഏര്‍പ്പെട്ടത് നല്ല വിശ്വാസത്തോടെയാണ്. ആറര പതിറ്റാണ്ടിനിടയില്‍, ഇന്ത്യയ്ക്കെതിരെ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി പാകിസ്ഥാന്‍ ആ ഉടമ്പടിയുടെ ആത്മാവിനെ ലംഘിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 20,000-ത്തിലധികം ഇന്ത്യക്കാര്‍ തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഈ കാലയളവിലൊക്കെ ഇന്ത്യ ‘അസാധാരണമായ ക്ഷമയും മഹാമനസ്‌കതയും’ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഹരീഷ് പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതില്‍ പാക് ഭീകരരുടെ പങ്ക് വ്യക്തമായതിനു പിന്നാലെ ഏപ്രില്‍ 23 നാണ് 1960 ല്‍ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

More Stories from this section

family-dental
witywide