
ഷിക്കാഗോ : ഒരു കാലത്ത് ലോകത്തിലെ മുഴുവന്‍ ആളുകളും ഏറ്റവും വിശ്വസ്തതയോടെ കാണുകയും, യാത്രകള്‍ക്കായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്ന വിമാനമായിരുന്നു ബോയിങ്. കൂടാതെ മാതൃകാപരമായ സുരക്ഷാ റെക്കോര്‍ഡും നിലനിര്‍ത്തിയിരുന്ന കമ്പനി കൂടിയായിരുന്നു ബോയിങ്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ങ്ങളായി തുടരുന്ന സുരക്ഷാ പ്രശ്‌നങ്ങളും അപകടങ്ങളും വിശ്യാസ്യതയെ സാരമായി ബാധിച്ചു. അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം തകര്‍ന്ന് 242 യാത്രക്കാരുള്‍പ്പെട മരണപ്പെട്ടതോടെ ബോയിങിനെതിരെ നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടു.
2018ല്‍ ഇന്തോനേഷ്യയിലും 2019ല്‍ എത്യോപ്യയിലും നടന്ന വിമാനാപകടത്തില്‍ നൂറുകണക്കിന് മനുഷ്യര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഈ രണ്ട് ദുരന്തങ്ങളിലും അപകടത്തില്‍പ്പെട്ടത് ബോയിങ് 737 വിമാനങ്ങളായിരുന്നു. എന്നാല്‍ അഹമ്മദാബാദില്‍ അപകടം സംഭവിച്ചത് ഡ്രീംലൈനര്‍ 787 വിമാനത്തിനാണ്.
ഇപ്പോഴിതാ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്യോപ്യയില്‍ ഉണ്ടായ ഒരു ബോയിംഗ് 737 മാക്‌സ് അപകടത്തെക്കുറിച്ചുള്ള ആദ്യ കേസിന്റെ വിചാരണ ബുധനാഴ്ച ഷിക്കാഗോയിലെ ഫെഡറല്‍ കോടതി ജൂറിക്ക് മുമ്പാകെ ആരംഭിച്ചിരിക്കുകയാണ്. 157 ഇരകളില്‍ ഒരാളുടെ കുടുംബത്തിന് അമേരിക്കന്‍ എയ്റോസ്പേസ് കമ്പനി എത്ര തുക നല്‍കണമെന്ന് തീരുമാനിക്കാന്‍ ആവശ്യപ്പെട്ടാണ് കേസ് നീങ്ങുന്നത്. ബോയിങ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നത് ഷിക്കാഗോയിലായിരുന്നു. ബുധനാഴ്ച നടന്ന വിചാരണ ഐക്യരാഷ്ട്രസഭയുടെ കൺസൾട്ടന്റായ ശിഖ ഗാർഗിന്റെ മരണത്തെ കേന്ദ്രീകരിച്ചായിരുന്നു. വിചാരണയുടെ ഏത് ഘട്ടത്തിലും കേസിൽ ഒത്തുതീർപ്പിലെത്താൻ സാധ്യതയുണ്ട്. ഐക്യരാഷ്ട്രസഭ വികസന പദ്ധതിയുടെ കൺസൾട്ടന്റായ ഗാർഗ് കെനിയയിലെ നെയ്‌റോബിയിൽ നടക്കുന്ന യുഎൻ പരിസ്ഥിതി അസംബ്ലിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു.
2019 മാര്‍ച്ചില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 302 തകര്‍ന്ന് മരിച്ചവരില്‍ ഉള്‍പ്പെട്ട രണ്ട് സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയതായി യുഎസ് ജില്ലാ ജഡ്ജി ജോര്‍ജ് ലൂയിസ് അലോണ്‍സോയെ അറിയിച്ചു. വിമാനാപകടത്തിന് ശേഷം വിമാന നിര്‍മ്മാതാവിനെതിരെ ഫയല്‍ ചെയ്ത ഡസന്‍ കണക്കിന് കേസുകളില്‍ മിക്കതിലും ബോയിങ് ഒത്തുതീര്‍പ്പുകള്‍ക്ക് ശ്രമിച്ചാണ് നഷ്ടപരിഹാരം നല്‍കി വരുന്നത്.
2019 Ethiopian Airlines Boeing crash: Compensation case in Chicago court.















