
ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയുവിലെ മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് സുപ്രീംകോടതിയിൽ ജാമ്യഹർജി സമർപ്പിച്ചു. 2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഞ്ച് വർഷമായി വിചാരണ കൂടാതെ ജയിലിൽ കഴിയുന്ന ഉമർ, ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ച ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി (സിഎഎ) പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ 2020-ൽ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് ഉമർ ഖാലിദിനെതിരെ കേസ്.
സെപ്തംബർ രണ്ടിന് ഉമർ ഖാലിദ് ഉൾപ്പെടെ ഈ കേസിലെ ഒൻപത് പ്രതികളുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതേ കേസിൽ പ്രതികളായ ഷർജിൽ ഇമാമും ഗുൽഫിഷ ഫാത്തിമയും നേരത്തെ തന്നെ സുപ്രീംകോടതിയിൽ ജാമ്യത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ പ്രധാന ആരോപണം. പൗരത്വ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഈ ആരോപണങ്ങൾക്ക് കാരണമായതെന്ന് പ്രതിഭാഗം വാദിക്കുന്നു.
ഈ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ കുറിച്ച് സുപ്രീംകോടതി വരും ദിവസങ്ങളിൽ വാദം കേൾക്കാനിരിക്കുകയാണ്. ദീർഘകാലം വിചാരണ കൂടാതെ ജയിലിൽ കഴിയേണ്ടി വരുന്നത് അടിസ്ഥാനപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഉമറിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. ഈ കേസ് രാജ്യത്തെ നിയമവ്യവസ്ഥയുടെയും പൗരാവകാശങ്ങളുടെയും പശ്ചാത്തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.