
തിരുവനന്തപുരം: രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങിയിട്ട് 7 മണിക്കൂര്‍ പിന്നിടുന്നു. 17 ആവശ്യങ്ങളുയര്‍ത്തി 10 തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായാണ് അര്‍ധരാത്രി മുതല്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത.
എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും സ്‌കീം വര്‍ക്കര്‍മാര്‍ക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. പുതിയ 4 ലേബര്‍ കോഡ് കൊണ്ടുവരുന്നതടക്കം തൊഴിലാളി വിരുദ്ധമായ കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് എന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് അവധിയെടുക്കുന്നത് മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാല്‍ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്നു ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകള്‍ തള്ളി.










