
അഹമ്മദാബാദ്: ലോകത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ 241 മരണമെന്ന് സ്ഥിരീകരണം. ഇതിൽ 204 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായി പരിശോധന തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങൾ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി. ബി ജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടി തുടങ്ങിയത്. ഗാന്ധിനഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തുക. ഡിഎൻഎ ഫലം ലഭിച്ച ശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുക.
അഹമ്മദാബാദ് വിമാനാപകടത്തിലെ നിലവിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. സ്ഥലത്തെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ വിവരങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നാളെ അഹമ്മദാബാദിലെത്തുമെന്നും അമിത് ഷാ അറിയിച്ചു.
അതിനിടെ ദുരന്തത്തിൽ ഇന്ത്യയുടെ കണ്ണീരൊപ്പാൻ അമേരിക്ക ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇന്ത്യയിലെ ദാരുണമായ വിമാനാപകടത്തെക്കുറിച്ച് സംസാരിച്ച യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനാൽ അമേരിക്കയ്ക്ക് നൽകാൻ കഴിയുന്ന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി പറഞ്ഞു. അതൊരു ഭയാനകമായ അപകടമായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുമെന്നും വാഷിംഗ്ടൺ ഡി സിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
നേരത്തെ ലോകത്തെ നടുക്കിയ ആകാശ ദുരന്തത്തിൽ വേദന പങ്കുവച്ച് റഷ്യൻ പ്രസിഡന്‍റ് അടക്കമുള്ള ലോക നേതാക്കൾ രംഗത്തെത്തിയിരുന്നു. 241 പേർക്ക് ജീവൻ നഷ്ടമായ വിമാന ദുരന്തത്തിൽ അനുശോചനം അറിയിച്ചും ഇന്ത്യക്ക് പിന്തുണയും ഐക്യദാർഢ്യവുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന് പുറമേ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കി തുടങ്ങി നിരവധി ലോക നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഹൃദയംഗമമായ അനുശോചനം അറിയിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും പുടിൻ അറിയിച്ചു. വലിയ ദുഃഖത്തിന്റെ ഈ സമയത്ത് റഷ്യയുടെ പിന്തുണയും ഐക്യദാർഢ്യവും ഇന്ത്യക്കൊപ്പമുണ്ടെന്നും പുടിൻ വ്യക്തമാക്കി.