വാഷിംങ്ടൺ — യുഎസ് സർക്കാരിൻ്റെ ഷട്ട്‌ഡൗൺ തുടരവേ ഭക്ഷണസഹായമായ സ്നാപ് (SNAP food stamp) നിർത്തിയതിനെതിരെ 25 സംസ്ഥാനങ്ങളും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയും ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തു. കാലിഫോർണിയ, ന്യൂയോർക്ക്, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെട്ട കൂട്ടായ്മയാണ് 2.5 കോടി ആളുകൾക്ക് നവംബർ മാസത്തെ ആനുകൂല്യങ്ങൾ നൽകണമെന്ന് ഫെഡറൽ കോടതിയിൽ ആവശ്യപ്പെട്ടത്.
ഭക്ഷണസഹായം നിർത്തുന്നത് നിയമവിരുദ്ധമാണെന്നും ലക്ഷക്കണക്കിന് അമേരിക്കക്കാരെ ഭക്ഷണസുരക്ഷയില്ലായ്മയിലേക്കും വിശപ്പിലേക്കും തള്ളിക്കൊണ്ടുപോകുമെന്നും സംസ്ഥാനങ്ങൾ ആരോപിച്ചു. സ്നാപ് ആനുകൂല്യങ്ങൾ നിർത്തുന്നത് പൊതുജനാരോഗ്യത്തെയും കുട്ടികളുടെ മാനസിക-ശാരീരിക വികസനത്തെയും ദോഷകരമായി ബാധിക്കുമെന്നും കേസിൽ സംസ്ഥാനങ്ങൾ വ്യക്തമാക്കി.
ഷട്ട്‌ഡൗൺ തുടരുമ്പോൾ കാർഷിക വകുപ്പ് ഏകദേശം 5 ബില്യൺ ഡോളർ അടിയന്തര നിധി ഉപയോഗിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നവംബർ 1 മുതൽ സ്നാപ് സഹായം നിർത്തുമെന്ന് ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഭക്ഷണസഹായം നിഷേധിക്കുന്നത് ഭരണകൂടത്തിന്റെ നിയമപരമായ ഉത്തരവാദിത്വ ലംഘനമാണ്. സ്നാപ് ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവൻ നിലനിർത്തുന്ന ഒന്നാണെന്നും ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യാ ജെയിംസ് പറഞ്ഞു.
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് നേതാക്കളും സ്നാപ് നിർത്തലിനെതിരെ ആശങ്ക പ്രകടിപ്പിച്ചു. ചില റിപ്പബ്ലിക്കൻ സെനറ്റർമാർ സ്നാപ് തുടർന്നുനൽകാൻ നിയമപ്രമേയവും കൊണ്ടുവന്നിട്ടുണ്ട്. അതേസമയം, യു എസിൽ ട്രംപ് ഭരണകൂടത്തിൻ്റെ ഷട്ട്‌ഡൗൺ 28-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
25 states file lawsuit against Trump administration; food aid halted













