മോദിക്ക് ട്രംപ് വാക്ക് നൽകിയത് ശരിതന്നെ! പക്ഷെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി താഹാവൂർ റാണയെ കൈമാറൽ വൈകുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകാൻ സാധ്യത. യുഎസ് സുപ്രീം കോടതി റാണയുടെ പുനഃപരിശോധനാ ഹർജി തള്ളിയതിനെത്തുടർന്ന് റാണ സമർപ്പിച്ച അന്തിമ അപ്പീൽ പരിഗണിക്കുന്നതിനെ തുടർന്നാണിത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റാണ അന്തിമ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.ഇക്കാരണത്താൽ റാണയെ കൈമാറുന്നത് ഏതാനും ആഴ്ചകൾ വൈകാനിടയുണ്ട്.

അതേസമയം ഇത് നിയമപരമായ ഒരു നടപടി മാത്രമാണെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തെ ഇത് ബാധിക്കില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തഹാവൂർ റാണയെ കൈമാറുമെന്ന് അറിയിച്ചിരുന്നത്. 2008 ലെ ഭീകരക്രമണത്തിന് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ലഷ്‌കർ-ഇ-തൊയ്ബയ്ക്ക് സാമ്പത്തിക സഹായം നൽകിയതിനാണ് 2011 ൽ ഒരു ഫെഡറൽ ജൂറി റാണയെ കുറ്റക്കാരനായി വിധിക്കുന്നത്. മുംബൈയിലെ നിരവധി സ്ഥലങ്ങൾ ആക്രമിക്കപ്പെട്ട ഈ സംഭവത്തിൽ പൊലീസിലെയും സുരക്ഷാ സേനയിലെയും 20 ഉദ്യോഗസ്ഥരും 26 വിദേശികളും ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു.

വളരെ അക്രമാസക്തനായ ഒരാളെയാണ് തങ്ങൾ കൈമാറുന്നത് എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ഇസ്ലാമിക ഭീകരതയെ നേരിടാൻ ഇന്ത്യയും യുഎസും മുമ്പൊരിക്കലും ഇല്ലാത്തവിധം ഒരുമിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാകിസ്ഥാൻ-അമേരിക്കൻ വംശജൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലി റാണയ്‌ക്കെതിരെ മൊഴി നൽകിയിരുന്നു. 2007 നും 2008 നും ഇടയിൽ അഞ്ച് തവണ ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും മുംബൈയിലെ ആക്രമണ ലക്ഷ്യങ്ങൾക്കായി റെയ്ഡ് നടത്തിയിട്ടുണ്ടെന്നും അമേരിക്കയിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു.

2011-ൽ, മുംബൈ ഭീകരാക്രമണത്തിന് സഹായം നൽകിയതിന് യുഎസ് കോടതി റാണയെ കുറ്റവിമുക്തനാക്കിയെങ്കിലും ലഷ്കർ-ഇ-തൊയ്ബയ്ക്ക് സാമ്പത്തിക സഹായം നൽകിയതിനും ഡെൻമാർക്കിൽ ഒരു ഭീകരാക്രമണ പദ്ധതിക്ക് സഹായിച്ചതിനും ശിക്ഷിക്കപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide