
ഡല്‍ഹി: അമേരിക്കയില്‍നിന്ന് എത്തിച്ച 26/11 മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ 12 ദിവസത്തെക്കു കൂടി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എന്‍ഐഎ ജഡ്ജിയുടേതാണ് ഉത്തരവ്.
മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഈ മാസം പത്താം തിയതിയാണ് അമേരിക്കയിൽ നിന്നും ഡൽഹിയിലെത്തിച്ചത്.
2019ലാണ് പാക്കിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കക്ക് അപേക്ഷ നല്‍കിയത്. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായ റാണക്കെതിരായ തെളിവുകളും കൈമാറി. ഇന്ത്യയില്‍ എത്തിയാല്‍ മതത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുമെന്ന് റാണ യു എസ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ അമേരിക്കന്‍ സുപ്രീം കോടതി 2025 ജനുവരി 25നാണ് റാണയെ ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കിയത്.
2008 ൽ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ റാണ മുംബൈയിൽ ഉണ്ടായിരുന്നു. റാണ ഇന്ത്യ വിട്ട് ദിവസങ്ങൾക്കുള്ളിലാണ് ഭീകരാക്രമണം നടക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാക്ക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് അമേരിക്കയിൽ അക്രമണങ്ങൾ നടത്താൻ പദ്ധതി ഇടുന്നതിനിടെയാണ് റാണ പിടിയിലാകുന്നത്.
2008 നവംബർ 26 ന്, അറബിക്കടലിലെ കടൽമാർഗം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേക്ക് നുഴഞ്ഞുകയറിയ 10 പാകിസ്ഥാൻ ഭീകരർ ഒരു റെയിൽവേ സ്റ്റേഷൻ, രണ്ട് ആഡംബര ഹോട്ടലുകൾ, ഒരു ജൂത കേന്ദ്രം എന്നിവയിൽ സംഘടിത ആക്രമണം നടത്തി. ഏകദേശം 60 മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു.