
ന്യൂഡല്‍ഹി : ഇന്ത്യയില്‍ സജീവമായ കോവിഡ്-19 കേസുകള്‍ 2,710 ആയി ഉയര്‍ന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ അണുബാധകള്‍ കേരളത്തിലാണ്. കേരളത്തില്‍ 1,147 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഈ വര്‍ഷം അഞ്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നു.
മാസങ്ങളായുള്ള ആശ്വാസത്തിനൊടുവിലാണ് ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. മെയ് 25 ഓടെ അണുബാധകള്‍ അഞ്ചിരട്ടിയായി വര്‍ദ്ധിച്ച് 1,000 കടന്നിരിക്കുന്നു. ഇതാണ് ഇപ്പോള്‍ 2700 പിന്നിട്ടത്.
കേരളത്തിനു പിന്നാലെ മഹാരാഷ്ട്ര (424), ഡല്‍ഹി (294), ഗുജറാത്ത് (223) എന്നീ സംസ്ഥാനങ്ങളിലും രോഗബാധ ഉയരുന്നുണ്ട്. കര്‍ണാടകയിലും തമിഴ്നാട്ടിലും 148 കേസുകള്‍ വീതവും പശ്ചിമ ബംഗാളില്‍ 116 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.