കാലിഫോർണിയയിലെ മൗണ്ട് ബാല്ഡിയിൽ ഹൈക്കിംഗ് നടത്തുന്നതിനിടെ വീണ 19 കാരനെയും മറ്റു രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. യുവാവിനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ – രക്ഷാ ദൗത്യത്തിനിടെയാണ് മൂന്നു ഹൈക്കർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂവരുടെയും മൃതദേഹങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് സാൻ ബെർനാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

അപകടകരമായ കാലാവസ്ഥയും ഭൂപ്രകൃതിയും കണക്കിലെടുത്ത് പൊതുജന സുരക്ഷയും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി മൗണ്ട് ബാല്ഡി ന്യൂ ഇയർ ദിനം വരെ അടച്ചിടുമെന്ന് ഷെരീഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മൗണ്ട് ബാല്ഡിയിൽ ഉണ്ടായ ദാരുണമായ മരണങ്ങളും ആവർത്തിച്ചുള്ള രക്ഷാപ്രവർത്തനങ്ങളും നിലവിലെ സാഹചര്യങ്ങൾ എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ്. പരിചയസമ്പന്നരായ ഹൈക്കർമാർക്കുപോലും ഇവിടെ ഇപ്പോൾ അപകടസാധ്യത കൂടുതലാണെന്ന് കൗണ്ടി ഷെരീഫ് ഷാനൻ ഡൈകസ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവിനെ തേടിയുള്ള തിരച്ചിൽ ആരംഭിച്ചത്. ഡെവിൽസ് ബാക്ക്ബോൺ ട്രെയിലിന് സമീപം ഏകദേശം 500 അടി താഴേക്ക് വീണതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് രക്ഷാസംഘം സ്ഥലത്തെത്തിയത്. യുവാവിനൊപ്പം ഹൈക്കിംഗ് നടത്തിയിരുന്ന സുഹൃത്ത് മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്ന സ്ഥലത്തേക്ക് നടന്ന് എത്തി ജിപിഎസ് വിവരങ്ങൾ നൽകിയതായും അധികൃതർ അറിയിച്ചു.
ഹെലികോപ്റ്റർ വഴി നടത്തിയ തിരച്ചിലിനിടെ യുവാവിനെയും സമീപത്തുണ്ടായിരുന്ന തിരിച്ചറിയാത്ത രണ്ടുപേരെയും കണ്ടെത്തിയെങ്കിലും ശക്തമായ കാറ്റ് കാരണം രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായില്ല. പിന്നീട്, താഴെയിറങ്ങിയ എയർ മെഡിക് മൂവരും മരിച്ചെന്ന് സ്ഥിരീകരിച്ചു. ശക്തമായ കാറ്റ് മൂലം മൃതദേഹങ്ങൾ ഉടൻ മാറ്റാനും സാധിച്ചില്ല. മൃതദേഹങ്ങൾ കണ്ടെത്തിയ രണ്ടുപേർ യുവാവിനൊപ്പം ഉണ്ടായിരുന്നവരല്ലെന്നും, മറ്റൊരു സംഘത്തിലുണ്ടായിരുന്നവരാണെന്നും അധികൃതർ വ്യക്തമാക്കി. തിരച്ചിലിനിടയിൽ യാദൃശ്ചികമായാണ് അവരെ കണ്ടെത്തിയത്. യുവാവിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ലോസ് ആഞ്ചലസിന് സമീപമുള്ള സാൻ ഗബ്രിയേൽ മലനിരകളിലാണ് മൗണ്ട് ബാല്ഡി സ്ഥിതി ചെയ്യുന്നത്. ബുധനാഴ്ച രാത്രി 11.59 വരെ പ്രദേശം അടച്ചിടുമെന്നും പൊതുജനം ഉത്തരവ് പാലിച്ച് ഇവിടെ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ഷെരീഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.കൂടുതൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മനുഷ്യജീവൻ രക്ഷിക്കാനും മൗണ്ട് ബാല്ഡി പാതകളുടെ താൽക്കാലിക അടച്ചിടൽ അനിവാര്യമാണെന്ന് ഷെരീഫ് ഡൈകസ് പറഞ്ഞു. അടച്ചിടൽ ഉത്തരവ് ലംഘിക്കുന്നവർക്ക് 5,000 ഡോളർ വരെ പിഴയോ ആറുമാസം വരെ തടവോ ലഭിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
3 found dead during search for fallen hiker in Southern California’s Mount Baldy , authorities say











