അതികഠിനം കൊടുംചൂട്, കേരളത്തിൽ ഇന്ന് 3 പേർക്ക് സൂര്യാതപമേറ്റു; 14 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് കുതിച്ചുയർന്ന കൊടും ചൂടിൽ ഇന്ന് മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായി 3 പേർക്കാണ് സൂര്യാതപമേറ്റത്. കോഴിക്കോട്ട് ആനയാംകുന്ന് സ്വദേശി സുരേഷിനാണ് പൊള്ളലേറ്റത്. വാഴത്തോട്ടത്തില്‍ പോയി മടങ്ങുമ്പോള്‍ കഴുത്തില്‍ സൂര്യാതപമേല്‍ക്കുകയായിരുന്നു. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ ഹുസൈന്‍ (44) എന്നയാള്‍ക്കാണ് സൂര്യാതപമേറ്റത്. ഉച്ചയ്ക്ക് 12 ഓടെ വീടിന്റെ ടെറസിന് മുകളില്‍ ജോലി ചെയ്യുന്നതിനിടെ, ഹുസൈന്‍റെ വലത് കൈയിലും കഴുത്തിലുമാണ് പൊള്ളലേറ്റത്. പത്തനംതിട്ട കോന്നിയില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയനാണ് സൂര്യാതപമേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം.

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥ വകുപ്പ് 14 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുമുണ്ട്.

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

11/03/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

2025 മാർച്ച് 11 ന് തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും മലപ്പുറം, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 35°C വരെയും; വയനാട്, കൊല്ലം ജില്ലകളിൽ 34°C വരെയും; തിരുവനന്തപുരം ജില്ലയിൽ 33 °C വരെയും; ഇടുക്കി ജില്ലയിൽ 32 °C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 11 ന് ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.

More Stories from this section

family-dental
witywide