തോക്കെടുത്ത് പതിനേഴുകാരൻ, നടുങ്ങി ന്യൂയോർക്ക് നഗരം, ടൈംസ് സ്ക്വയറിൽ വീണ്ടും വെടിവയ്പ്പ്, 3 പേർക്ക് പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ ടൈംസ് സ്ക്വെയറിൽ ശനിയാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. 44-ാം സ്ട്രീറ്റിനും 7-ാം അവന്യൂവിനും സമീപം പുലർച്ചെ 1:20 ഓടെയാണ് സംഭവം. 17 വയസ്സുള്ള ഒരു കൗമാരക്കാരനാണ് വെടിവെപ്പിന് പിന്നിലെന്ന് ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കി. 19 വയസ്സുള്ള ഒരു യുവാവുമായുള്ള വാക്കുതർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. 19 വയസ്സുള്ള ഒരാൾക്ക് കാലിൽ, 65 വയസ്സുള്ള ഒരാൾക്ക് തുടയിൽ, 18 വയസ്സുള്ള ഒരു യുവതിക്ക് കഴുത്തിൽ ഗുരുതരമല്ലാത്ത പരിക്കുകൾ ഏറ്റു. മൂന്ന് പേരും ബെല്ലെവ്യൂ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വെടിവെപ്പിന് ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. 17 വയസ്സുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, എന്നാൽ പ്രതിയുടെ പേര് പ്രായം കണക്കിലെടുത്ത് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയും ഇരകളും തമ്മിൽ മുൻപരിചയമുണ്ടോ എന്നും, വാക്കുതർക്കത്തിന്റെ കാരണം എന്താണെന്നും ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കുറ്റപത്രം തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. ടൈംസ് സ്ക്വയർ പോലുള്ള തിരക്കേറിയ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് നഗരത്തിന്റെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതായി പൊതുജനങ്ങൾ പ്രതികരിച്ചു.

More Stories from this section

family-dental
witywide