ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്ഥാൻ സൈന്യം തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ടിറാ താഴ്‌വാരത്തിലെ മത്രെ ദാരാ ഗ്രാമത്തിൽ ആക്രമണം നടത്തിയത്. പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകളാണ് വർഷിച്ചത്.
കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. നിരവധി പേർക്ക് പരിക്കേറ്റുവെന്നും തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (TTP) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ കുട്ടികളുടെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുന്നതിനാൽ മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.
ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകരസംഘടനകൾ ഓപ്പറേഷൻ സിന്ദൂർ പോലുള്ള സൈനിക നടപടികളെ തുടർന്ന് അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തൂൺഖ്വയുടെ ഉൾപ്രദേശങ്ങളിൽ പുതിയ താവളങ്ങൾ സ്ഥാപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന ഈ മേഖലയിൽ ഈ വർഷം ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ 605 ഭീകരാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
















