
ടാനഗ്ര (ഗ്രീസ്): ഗ്രീസിലെ ടാനഗ്രയിൽ റഫാൽ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും ഹെല്ലനിക് എയ്‌റോസ്‌പേസ് ഇൻഡസ്ട്രി (HAI) കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും പകർത്തിയ നാല് ചൈനീസ് പൗരന്മാർ അറസ്റ്റിൽ. സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹെല്ലനിക് വ്യോമസേന പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പ്രാദേശിക പോലീസിന് കൈമാറി.
തുടര്‍ന്ന് മേഖലയിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർ പകർത്തിയ ചിത്രങ്ങളിൽ റഫാൽ യുദ്ധവിമാനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇവരുടെ പ്രവർത്തനങ്ങൾ സംശയകരമാണെന്നും ചാരവൃത്തിക്ക് സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒരു യുവാവും ഉൾപ്പെടെയുള്ള നാല് പേരെയും ആദ്യം ഹെല്ലനിക് എയ്‌റോസ്‌പേസ് ഇൻഡസ്ട്രി (HAI) യുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടത്.
പ്രദേശത്ത് നിന്ന് മാറിപ്പോകാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും, മുന്നറിയിപ്പുകൾ അവഗണിച്ച് സമീപത്തെ ഒരു പാലത്തിലേക്ക് മാറി എച്ച്എഐ കേന്ദ്രങ്ങളുടെയും 114-ആം കോംബാറ്റ് വിംഗിന്‍റെയും ചിത്രങ്ങൾ എടുക്കുന്നത് ഇവർ തുടർന്നു. ഇതിനെ തുടർന്ന് 114-ആം കോംബാറ്റ് വിംഗിന്‍റെ വ്യോമസേന പൊലീസിനെ (Aeronomia) ഉടൻ വിവരമറിയിക്കുകയായിരുന്നു. അവർ സ്ഥലത്തെത്തി ഇവരെ കണ്ടെത്തുകയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ചൈനീസ് പൗരന്മാരെ പ്രാദേശിക പൊലീസിന് കൈമാറുകയും ടാനഗ്ര സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.