ജപ്പാനിലെ ഫാക്ടറിയിൽ കത്തിക്കുത്തും അജ്ഞാത ദ്രാവക ആക്രമണവും, 14 പേർക്ക് പരിക്ക്; അക്രമി പിടിയിൽ

ടോക്കിയോ: ജപ്പാനിലെ മിഷിമ നഗരത്തിലുള്ള യോക്കോഹാമ റബ്ബർ കമ്പനിയുടെ ഫാക്ടറിയിൽ നടന്ന ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം 4:30-ഓടെയാണ് സംഭവം. കത്തി ഉപയോഗിച്ച് തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമി, അജ്ഞാതമായ ഒരു ദ്രാവകം വിതറുകയും ചെയ്തു. അക്രമിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടി. പരിക്കേറ്റവർ നിലവിൽ അപകടനില തരണം ചെയ്തതായും എല്ലാവരും ബോധാവസ്ഥയിലാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അടിയന്തര സേവന വിഭാഗം പരിക്കേറ്റ 14 പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ചോ ആറോ പേർക്ക് കുത്തേറ്റതായും മറ്റുള്ളവർക്ക് ദ്രാവകം സ്പ്രേ ചെയ്തതിനെ തുടർന്നുണ്ടായ അസ്വസ്ഥതകളുമാണ് അനുഭവപ്പെട്ടതെന്ന് അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥനായ ടോമോഹാരു സുഗിയാമ അറിയിച്ചു. ട്രക്കുകളുടെയും ബസ്സുകളുടെയും ടയറുകൾ നിർമ്മിക്കുന്ന പ്രമുഖ സ്ഥാപനമാണ് ഈ ഫാക്ടറി. ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ലോകത്ത് ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനെ ഈ സംഭവം ഞെട്ടിച്ചിരിക്കുകയാണ്. തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ ജപ്പാനിൽ വളരെ അപൂർവമാണെങ്കിലും, സമീപകാലത്തായി കത്തിക്കുത്തുകളും സമാനമായ ആക്രമണങ്ങളും വർധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 2022 ൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വധവും, കഴിഞ്ഞ വർഷങ്ങളിൽ നടന്ന മറ്റ് സമാനമായ ആക്രമണങ്ങളും ജപ്പാനിലെ പൊതുസുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

More Stories from this section

family-dental
witywide