
ദില്ലി : ഓപ്പറേഷൻ സിന്ധു ദൗത്യത്തിലൂടെ ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ 4415 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇറാനിൽ നിന്ന് 3597 പേരെയും ഇസ്രായേലിൽ നിന്ന് 818 പേരെയുമാണ് എത്തിച്ചത്. വ്യോമസേനയുടെ മൂന്ന് വിമാനം ഉൾപ്പെടെ 19 വിമാനങ്ങളാണ് ദൗത്വത്തിൻ്റെ ഭാഗമായത്. ഓപ്പറേഷൻ സിന്ധുവിലൂടെ ഒമ്പത് നേപ്പാളി പൗരന്മാരെയും നാല് ശ്രീലങ്കൻ പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ടുവന്നു.
വ്യാഴാഴ്ച രാത്രി അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ നിന്നുള്ള വിമാനത്തിൽ ഇറാനിൽ നിന്ന് 173 ഇന്ത്യക്കാരുടെ ഒരു പുതിയ സംഘം ഡൽഹിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം എക്‌സിലെ പോസ്റ്റിൽ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഇറാനിൽ നിന്നുമെത്തിയ സംഘത്തിൽ ഒരു മലയാളിയായ എഞ്ചിനീയറായിരുന്ന കോതമംഗലം സ്വദേശി അനന്ദു കൃഷ്ണനുമുണ്ട്. ഇറാൻ ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കായി വ്യോമാതിർത്തി തുറന്ന ഇറാന് നന്ദി അറിയിക്കുന്നതായി വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.