49-ാമത് വയലാര്‍ സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന്

തിരുവനന്തപുരം: 49-ാമത് വയലാർ സാഹിത്യപുരസ്ക്‌കാരം ഇ. സന്തോഷ് കുമാറിന്. ഞായറാഴ്ച തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ചേർന്ന ജഡ്ജിങ് കമ്മിറ്റിയുടെ ശുപാർശ വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് അംഗീകരിച്ചു. ഇ. സന്തോഷ് കുമാറിൻ്റെ ”തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്‌ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിക്കുന്ന ശില്പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

ടി.ഡി. രാമകൃഷ്‌ണൻ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവർ അടങ്ങിയതാണ് ജഡ്‌ജിങ്‌ കമ്മിറ്റി. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ജഡ്‌ജിങ് കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ന് 5.30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്‌കാരം നൽകും. അവാർഡ് തുക ആദായനികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള ഒരഭയാര്‍ഥി കുടുംബാംഗമായ ഗോപാല്‍ ബറുവയുടെ ജീവിതകഥ പറയുന്ന നോവലാണ് തപോമയിയുടെ അച്ഛന്‍. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും അഭയാര്‍ഥി പ്രവാഹങ്ങളുടെ പശ്ചാത്തലവും നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. 2006-ല്‍ ചാവുകളി എന്ന ചെറുകഥാ സമാഹാരത്തിനും 2012-ല്‍ അന്ധകാരനഴി എന്ന നോവലിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ഇ. സന്തോഷ് കുമാര്‍ നേടിയിട്ടുണ്ട്.

More Stories from this section

family-dental
witywide