
ധാക്ക: ബംഗ്ലാദേശിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യയിലും പ്രകമ്പനം സൃഷ്ടിച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൻ്റെ പ്രകമ്പനം വടക്കു കിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കൊൽക്കത്തയിലും ശക്തമായി അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10:10 ഓടെയാണ് കൊൽക്കത്തയിൽ ആളുകൾക്ക് ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടത്. ഇത് ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ.
പശ്ചിമ ബംഗാളിലെ കൂച്ച് ബീഹാർ, ദക്ഷിണ, ഉത്തർ ദിനാജ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഗുവാഹത്തി, അഗർത്തല, ഷില്ലോങ് തുടങ്ങിയ നഗരങ്ങളിലും ആളുകൾ ഭൂകമ്പം അനുഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം ധാക്കയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള നർസിംഗഡിയിൽ ആയിരുന്നു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
5.5 magnitude earthquake hits Bangladesh; tremors felt in Kolkata too.















