ചോദ്യചിഹ്നമായി ആരോഗ്യ കേന്ദ്രങ്ങൾ? മധ്യപ്രദേശിൽ രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് HIV

സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്.ഐ.വി.ബാധ. മധ്യപ്രദേശിലെ സത്നാ ജില്ലയിലാണ് സംഭവം. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (NHRC) അടിയന്തരമായി ഇടപെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനായി വിശദമായ റിപ്പോർട്ടുകൾ തേടി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കമ്മിഷൻ നോട്ടീസ് നൽകി. അതോടൊപ്പം ഏഴംഗ അന്വേഷണ സമിതിയുടെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പൊതുജനാരോഗ്യ കുടുംബക്ഷേമ വകുപ്പ് കർശന നടപടികൾ ആരംഭിച്ചു.

ഇതിൻ്റെ ഭാഗമായി സത്നാ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇൻ-ചാർജിനെയും രണ്ട് ലബോറട്ടറി ടെക്നീഷ്യൻമാരെയും സസ്പെൻഡ് ചെയ്തു. ഡോ. ദേവേന്ദ്ര പട്ടേൽ (പാത്തോളജിസ്റ്റ്, ബ്ലഡ് ബാങ്ക് ഇൻ-ചാർജ്), ലാബ് ടെക്നീഷ്യൻമാരായ റാം ഭായി ത്രിപാഠി, നന്ദലാൽ പാണ്ഡേ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ, സത്നാ ജില്ലാ ആശുപത്രിയുടെ മുൻ സിവിൽ സർജനായിരുന്ന ഡോ. മനോജ് ശുക്ലയ്ക്ക് രേഖാമൂലം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി.

അതേസമയം, സമീപകാലത്തെ ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ വീഴ്‌ചകളിലൊന്നാണ് ഈ സംഭവം. തലാസീമിയ ബാധിച്ച കുട്ടികൾക്കാണ് രോഗബാധ. മൂന്ന് ബ്ലഡ് ബാങ്കുകളിൽ നിന്ന് ശേഖരിച്ച ആകെ 189 യൂണിറ്റ് രക്തമാണ് കുട്ടികൾക്ക് നൽകിയത്. ഇത് ഏകദേശം 200 ദാതാക്കളിൽ നിന്നും ശേഖരിച്ചതാണ്. ദാതാക്കളുടെ രക്തത്തിലൂടെയാണ് എച്ച്.ഐ.വി. പകർന്നതെന്നാണ് നിഗമനം.

മധ്യപ്രദേശിൽ 70,000-ൽ അധികം എച്ച്.ഐ.വി. രോഗികളുണ്ടെന്നാണ് കണക്കുകൾ. കുട്ടികളിൽ ആദ്യത്തെ എച്ച്.ഐ.വി. പോസിറ്റീവ് കേസ് 2025 മാർച്ച് 20-ന് റിപ്പോർട്ട് ചെയ്ത‌തായി പറയപ്പെടുന്നു, തുടർന്ന് മാർച്ച് അവസാനം മുതൽ ഏപ്രിൽ ആദ്യം വരെ കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടെത്തി. ഈ കാലയളവിൽ, ബ്ലഡ് ബാങ്കുകളുടെ അടിയന്തര ഓഡിറ്റ് ആരംഭിച്ചില്ലെന്നും അതുപോലെ കൂടുതൽ പേർക്ക് രോഗം പകരാതിരിക്കാൻ പ്രതിരോധ നടപടികളും സ്വീകരിച്ചില്ലെന്നും എൻഡിടിവിയുടെ അന്വേഷണറിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ തുടർന്ന് രക്തസുരക്ഷാ മാനദണ്ഡങ്ങളിലെ ഒരു ചെറിയ ലംഘനം പോലും ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്ന് പൊതുജനാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

5 children who received blood in Madhya Pradesh test positive for HIV

More Stories from this section

family-dental
witywide