
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നുവെന്ന കാരണം പറഞ്ഞാണ് യുഎസ് പ്രസിഡന്റ് ഡോള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ റഷ്യയുമായുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ വ്യാപാരം ട്രംപ് കാണുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
യൂറോപ്യന്‍ യൂണിയന്‍ റഷ്യയുമായുള്ള സാമ്പത്തിക ബന്ധം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. 2021, 2024 വര്‍ഷങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ വ്യാപാരം കുറഞ്ഞ നിലയിലാണെങ്കിലും ഇപ്പോഴും തുടരുന്നു എന്നത് പ്രധാനമാണ്. മറ്റ് രാജ്യങ്ങളുമായി, വ്യാപാരം നടത്തി ആ തുക റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. റഷ്യയുമായുള്ള യുറോപ്യന്‍ യൂണിയന്റെ മൊത്തം വ്യാപാരം 2021-ല്‍ 257.5 ബില്യണ്‍ യൂറോയില്‍ നിന്ന് (297.4 ബില്യണ്‍ ഡോളര്‍) 2024-ല്‍ 67.5 ബില്യണ്‍ യൂറോയായി (77.9 ബില്യണ്‍ ഡോളര്‍) കുറഞ്ഞുവെന്ന് കണക്കുകള്‍ കാണിക്കുന്നു. എങ്കിലും പൂര്‍ണമായും നിര്‍ത്തിയിട്ടില്ല. കൂടാതെ റഷ്യയില്‍ നിന്നും പ്രധാന ഊര്‍ജ്ജ ഇറക്കുമതിയും തുടര്‍ന്നു. 2022-ല്‍ ഉക്രെയ്ന്‍ അധിനിവേശത്തിനുശേഷം, യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്ക് ഗ്യാസിന് മാത്രം 105.6 ബില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്. ഈ തുക 2024-ല്‍ റഷ്യയുടെ സൈനിക ചെലവിന്റെ ഏകദേശം 75 ശതമാനത്തിന് തുല്യമാണ്. ഇതൊന്നും ട്രംപിനെ ചൊടിപ്പിക്കുന്നില്ലേ ?
യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ ഇറക്കുമതിയുടെ ഭൂരിഭാഗവും ധാതു ഇന്ധനങ്ങളാണ്, ഭക്ഷണവും അസംസ്‌കൃത വസ്തുക്കളും വേറെയും. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം ജൂണില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമായ ബെല്‍ജിയം റഷ്യന്‍ എല്‍എന്‍ജി വാങ്ങുന്നത് പ്രതിമാസം 12 ശതമാനം വര്‍ദ്ധിച്ച് 300 മില്യണ്‍ യൂറോയായി.
റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന് മറ്റുള്ളരാജ്യങ്ങള്‍ക്കു നേരെ വടിയെടുക്കുന്ന ട്രംപ്, അമേരിക്ക റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നതിന് എതിരല്ല. പരിമിതമാണെങ്കിലും റഷ്യയുമായി യുഎസ് വ്യാപാര ബന്ധം നിലനിര്‍ത്തുന്നു. മറ്റ് വസ്തുക്കള്‍ക്കൊപ്പം യുഎസ് റഷ്യന്‍ രാസവസ്തുക്കളും ഇറക്കുമതി ചെയ്യുന്നത് തുടരുന്നുണ്ട്. 2024 ല്‍, ഉഭയകക്ഷി വ്യാപാരം 5.2 ബില്യണ്‍ ഡോളറായിരുന്നു. 2021 ല്‍ രേഖപ്പെടുത്തിയ 36 ബില്യണ്‍ ഡോളറിനേക്കാള്‍ കുറവാണ്, പക്ഷേ നിലവിലെ സാഹചര്യം കണക്കാക്കുമ്പോള്‍ ഇതിന് ഇപ്പോഴും പ്രാധാന്യമേറയാണ്.